തിരുവനന്തപുരം: വാഹനാപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട നിർദ്ധന യുവാവിന് അത്യാധുനിക കൃത്രിമക്കൈ സൗജന്യമായി നൽകി സർക്കാരിന്റെ കൈത്താങ്ങ്. എട്ട് മാസം മുമ്പുണ്ടായ ബൈക്കപകടത്തിലാണ് കൊല്ലം തട്ടർക്കോണം പേരൂർ സിന്ധുബീവിയുടെ മകൻ ഷിബിന് (22) വലതുകൈ ചുമലിനോട് ചേർന്ന് നഷ്ടപ്പെട്ടത്. അച്ഛൻ നേരത്തേ മരിച്ചു. കുടുംബത്തിന്റെ ഏക അത്താണിയായ ഇലക്ട്രിക്കൽ ഡിപ്ലോമ വിദ്യാർത്ഥിയായ ഷിബിന് സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയർ പദ്ധതിയിലൂടെയാണ് കൃത്രിമക്കൈ നൽകിയത്. ഇലക്‌ട്രോണിക് കൺട്രോൾ സംവിധാനമുള്ള കൃത്രിമക്കൈക്ക് 4.37 ലക്ഷം രൂപയാണ് ചെലവായത്. കൃത്രിമക്കൈ മടക്കാനും കൈപ്പത്തിയും വിരലുകളും ചലിപ്പിക്കാനും സാധിക്കും. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ ചെറുപ്പക്കാരനെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വളരെയധികം സന്തോഷമുണ്ടെന്ന് ഷിബിൻ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഷീലും സന്നിഹിതനായി. ഷിബിന് ഒരു സഹോദരി കൂടെയുണ്ട്.