തിരുവനന്തപുരം: സിലബസ് ലഘൂകരണം, പരീക്ഷാപ്പേടി അകറ്റാൻ കൗൺസലിംഗ്, സമ്മർദ്ദം കുറയ്ക്കാൻ മോട്ടിവേഷൻ ക്ളാസുകൾ തുടങ്ങി അദ്ധ്യാപകരും മാതാപിതാക്കളും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരീക്ഷാഫലം വരുമ്പോൾ സംസ്ഥാനത്ത് പൊലിയുന്ന ജീവനുകളുടെ എണ്ണം വർഷംതോറും വർദ്ധിക്കുന്നു.
പരീക്ഷാപ്പേടിയിൽ ലോകത്ത് ഏറ്റവുമധികം വിദ്യാർത്ഥികൾ ആത്മഹത്യചെയ്യുന്നത് ഇന്ത്യയിലാണെന്ന് ദേശീയ ക്രൈം റെക്കാഡ‌്സ് ബ്യൂറോയുടെ 2015ലെ കണക്കുകൾ വ്യക്തമാക്കുന്നു. 2,646 പേരാണ് അക്കൊല്ലം ജീവനൊടുക്കിയത്. നിലവിൽ രാജ്യത്തെ ആത്മഹത്യകളിൽ 2 ശതമാനം പരീക്ഷാപ്പേടിയിലാണ്.
പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ച ദിവസം മാത്രം ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് 4 പേർ. ഇതിൽ മൂന്ന് പേർ മരിച്ചു. ചേർത്തലയിൽ പരീക്ഷയിൽ തോറ്റ കൂട്ടുകാരികൾ കടലിൽ ചാടി. ഒരാൾ രക്ഷപ്പെട്ടു. പാലക്കാട് കുറ്റനാട് വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യചെയ്‌തു. പറവൂരിലാകട്ടെ 17കാരി പുഴയിൽ ചാടി.
മാതാപിതാക്കൾ പിന്തുണയ്ക്കണം
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാത്തതിന് തിരുവനന്തപുരം കിളിമാനൂരിൽ അച്ഛൻ മകനെ മർദ്ദിച്ച സംഭവം ഞെട്ടലുളവാക്കി. കുട്ടി തോറ്റാൽ മറ്റുള്ളവർക്ക് മുന്നിൽ നാണം കെടുമെന്ന അപകർഷതമൂലം മാതാപിതാക്കൾ കുട്ടികളെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുന്നു. തോൽവി വിജയത്തിന്റെ മുന്നോടിയാണെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്ക് ചൊല്ലിക്കൊടുക്കണം.
പാഠ്യരീതി മാറ്റണം
ലോകത്ത് ഇന്ത്യയിൽ മാത്രമാണ് ചെറുപ്പത്തിലേ ഇത്രയധികം പഠനഭാരം നൽകുന്നതെന്ന് വിദ്യാഭ്യാസ വിദഗ്‌ദ്ധർ പറയുന്നു. മറ്റ് രാജ്യങ്ങളിൽ പഠനഭാരമുള്ളത് ബിരുദ, ബിരുദാനന്തര കാലത്താണ്. അതിന് മുമ്പ് പഠിപ്പിക്കുന്നത് വ്യക്തിത്വ വികസനവും പ്രായോഗിക അറിവുകളും മാത്രം. അധിക സിലബസ് കുട്ടികളിൽ സമ്മർദ്ദമുണ്ടാക്കുന്നു. പാഠ്യരീതി മാറ്റേണ്ടതുണ്ട്.
കുട്ടികളെ താരതമ്യം ചെയ്യാതിരിക്കുക. സമ്മർദ്ദത്തിലാക്കാതിരിക്കുക. ഏത് പ്രതിസന്ധിയിലും മാതാപിതാക്കൾ ഒപ്പമുണ്ടാകുമെന്ന ബോദ്ധ്യം കുട്ടികളിലുണ്ടാക്കുകയെന്നതാണ് പ്രതിവിധി.
- സന്ധ്യ ഗണേഷ് , സൈക്കോളജിസ്റ്റ്