പാലോട് : അതിരുതർക്കത്തെ തുടർന്ന് അയൽവാസിയും സുഹൃത്തും വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേല്പിച്ചതായി പരാതി. പെരിങ്ങമ്മല കുണ്ടാളംകുഴി തടത്തരികത്തു വീട്ടിൽ ഷിബുവിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ നിലയിൽ ഷിബു ഉൾപ്പടെ അഞ്ചു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബുവിന്റെ ഭാര്യ സുചിതയും ഭാര്യാ മാതാവ് സുലോചനയും ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഷിബുവിന്റെ മകൾ ഐശ്വര്യയെയും അമ്മ സരസ്വതിയെയും പാലോട് ഗവണ്മെന്റ് ആശുപത്രിയിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവമെന്ന് ഷിബു പാലോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അയൽക്കാരനായ യുവാവും കൂട്ടുകാരനും കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഷിബുവിനെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയെയും അമ്മയെയും മകളെയും വെട്ടിയത്. തൊട്ടടുത്ത് താമസിക്കുന്ന സുലോചന ബഹളം കേട്ട് ഓടിയെത്തിയതാണ്. ഇവർക്കും വെട്ടേറ്റു. പാലോട് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.