തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ നിയമവിരുദ്ധമായി ശേഖരിച്ച് വോട്ട് ചെയ്തതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടു. ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാവും അന്വേഷണം. ഉടൻ കേസെടുക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടി.കെ. വിനോദ് കുമാറിനോട് ഡി.ജി.പി നിർദ്ദേശിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തശേഷം തട്ടിപ്പിൽ പങ്കുള്ള പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയെടുക്കും.
ക്രമക്കേട് കാട്ടിയ ഒരു പൊലീസുകാരനെതിരെ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം കേസെടുക്കാനും നാലു പേർക്കെതിരെ വിശദമായ അന്വേഷണം നടത്താനും ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ കമാൻഡോ വൈശാഖിനെതിരെയാണ് കേസെടുക്കുന്നത്. ഐ.ആർ ബറ്റാലിയനിലെ പൊലീസുകാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയാണ് അന്വേഷണം.
അതേസമയം, തൃശൂർ ഐ.ആർ ബറ്റാലിയനിലെ 600 അംഗങ്ങളുടെ പോസ്റ്രൽ ബാലറ്റുകളിൽ ക്രമക്കേട് കാട്ടിയവർക്കെതിരെ മാത്രമാണ് അന്വേഷണമെന്ന് സേനയിൽ ആക്ഷേപമുണ്ട്. ഇവരെ കുറ്റക്കാരാക്കി സംസ്ഥാനത്താകെ നടന്ന തട്ടിപ്പ് മൂടിവയ്ക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം.
കമാൻഡോ വൈശാഖ് മുഖ്യമന്ത്രിയുടെയും മുൻമന്ത്രി തോമസ്ചാണ്ടിയുടെയും സുരക്ഷാസംഘത്തിൽ ജോലിചെയ്‌തിരുന്നു. പൊലീസ് അസോസിയേഷൻ നേതാവിന്റെ ഉറ്റബന്ധുവായ ഇയാൾ നേതാവിന്റെ നിർദ്ദേശപ്രകാരമാണ് ബാലറ്റുകൾ ശേഖരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇനി എന്ത്
ക്രൈംബ്രാഞ്ച് കേസെടുത്താൽ അഞ്ച് പൊലീസുകാരെയും സസ്പെൻഡ് ചെയ്യാം
ക്രൈംബ്രാഞ്ച് എസ്.പിമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും അന്വേഷിക്കാം
പൊലീസ് സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന് തിരക്കും
പരാതിക്കാരും തെളിവുകളുമില്ലെങ്കിൽ അഞ്ച് പേരെ കുറ്റക്കാരാക്കി കേസ് അവസാനിപ്പിക്കും