ksrtc-

കണ്ണൂർ: തൃശൂർ​ ​-തിരുവനന്തപുരം റൂട്ടിൽ നടപ്പാക്കിയ സൂപ്പർ ഫാസ്റ്റ് ചെയിൻ സർവീസ് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകുന്നു. വിവിധ ഡിപ്പോകളുടെ സർവീസുകൾ ഒരുമിച്ചോടി നഷ്ടം വരുത്തുന്നത് ഒഴിവാക്കാനായി നടപ്പാക്കിയ ക്രമീകരണം നഷ്ടത്തിനിടയാക്കുമെന്നാണ് ആക്ഷേപമുയരുന്നത്. പരിഷ്കരണം നടപ്പാക്കിയപ്പോൾ മലബാറിലെ ഒരു ഡസനോളം സർവീസുകൾ താളംതെറ്റി.

കഴിഞ്ഞ ഏഴു മുതലാണ് തൃശൂർ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ചെയിൻ സർവീസെന്ന പേരിൽ പരമ്പരാഗത സർവീസുകളുടെ സമയക്രമം മാറ്റി പരിഷ്കരണം നടപ്പാക്കിയത്. മലബാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിവിധ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ തൃശൂരിലെത്തി തെക്കോട്ട് ഓടുമ്പോൾ ഒന്നിന് പുറകേ ഒന്നായി മത്സരിച്ച് ഓടുന്ന സ്ഥിതിയായിരുന്നു മുമ്പ്. ഈ നില മാറ്റി 15 മിനിട്ട് കൂടുമ്പോൾ ഒരു ബസ് എന്ന നിലയ്ക്കുള്ള പരിഷ്കരണമാണ് ഉദ്ദേശിച്ചത്. ഈ സമയക്രമം പാലിക്കാനായി സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകളുടെ സമയം പരിഷ്കരിക്കേണ്ടവന്നതാണ് മലബാർ ഡിപ്പോകളെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നേരത്തെ അരലക്ഷത്തിലേറെ വരുമാനം ഉണ്ടായിരുന്ന ചില ബസുകൾ കഴിഞ്ഞദിവസം കാലിയായാണ് ഓടിയത്.

യാത്രക്കാരെ ആകർഷിക്കുന്നതിൽ സ്വകാര്യ ബസുകളെ കടത്തിവെട്ടുന്ന ചില കെ.എസ്.ആർ.ടി.സി സർവീസുകളുണ്ട്. ഇതിലൊന്നാണ് കുമിളി-കൊന്നക്കാട് സർവീസ്. സ്വകാര്യ സൂപ്പർ ക്ലാസ് പെർമിറ്റുകൾ ടേക്ക് ഓവർ ചെയ്ത കാലത്ത് തുടങ്ങിയതായിരുന്നു ഇത്. എന്നാൽ ഇതിനൊപ്പം ഓടാൻ ഒരു സ്വകാര്യ ബസിനും അനുമതി കിട്ടി. ജീവനക്കാർ ഒരുക്കിയ സൗജന്യ കുടിവെള്ളവും സ്ഥിരം യാത്രക്കാരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയുമെല്ലാം ട്രാൻ.സർവീസിനെ ആകർഷകമാക്കി. പക്ഷേ, പരിഷ്കരണത്തോടെ കെ.എസ്.ആർ.ടി.സിയുടെ സമയം സ്വകാര്യ ബസിന് പിന്നിലായി. സീസൺ ടൈമിൽ 60000 രൂപ കളക്ഷൻ നേടിയ ചരിത്രം ഇതോടെ സ്വപ്നമായി മാറി. 26,700 രൂപയായിരുന്നുവത്രെ കഴിഞ്ഞ ദിവസത്തെ വരുമാനം.

പരിഷ്കരണത്തിന്റെ പേരിൽ യാത്രക്കാരുടെ തെറിവിളി കേട്ടത് എരുമേലി-ചന്ദനക്കാംപാറ ബസിലെ ജീവനക്കാരാണ്. രാത്രി 11 മണിയ്ക്ക് ഗുരുവായൂർ കടന്നുപോയിരുന്ന ബസ് അര മണിക്കൂർ ഇവിടെ പിടിച്ച് വയ്ക്കണമെന്നാണ് നിർദ്ദേശം. തീർന്നില്ല, കോഴിക്കോടും ഒരു മണിക്കൂർ പിന്നെയും പിടിക്കും. കഴിഞ്ഞ ദിവസം ഇതിൽ അമർഷം പൂണ്ട യാത്രക്കാർ കണ്ടക്ടറെയും ഡ്രൈവറെയും തെറി വിളിച്ച് ഇറങ്ങിപ്പോയെന്നാണ് പറയുന്നത്. രാത്രി യാത്രനടത്തേണ്ട ബസുകൾ ഉച്ചയ്ക്ക് പുറപ്പെടേണ്ട സ്ഥിതിയുമുണ്ട്. ഇതുമുതലാക്കാൻ സ്വകാര്യന്മാരുടെ ശ്രമമുണ്ടായാൽ അത് കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങും.