തിരുവനന്തപുരം:പൊലീസ് പോസ്റ്റൽ വോട്ടിലെ ക്രമക്കേടിനു പിന്നിൽ പൊലീസിലെ ഉന്നതരും സി.പി.എം നേതൃത്വവും മന്ത്റി തലത്തിലുള്ളവരും ഉൾപ്പെട്ടതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ലെന്നും, പകരം ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
കുറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഡി.ജി.പി ഇപ്പോൾ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം. വിനീതവിധേയരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം വഴി യഥാർത്ഥ പ്രതികൾ ഒരിക്കലും നിയമത്തിനു മുന്നിൽ വരില്ല. ജൂനിയറായ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി, പോസ്റ്റൽ വോട്ട് അട്ടിമറിയിൽ പങ്കാളികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ അറിവും സമ്മതവുമില്ലാതെ പൊലീസ് സേനാംഗങ്ങളുടെ വോട്ടുകളിൽ കൃത്രിമം നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.