നിയമ അദ്ധ്യാപനത്തിലേക്ക് വന്ന ശേഷം 1995 മലേഷ്യയിൽ കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷന്റെ (സി.എൽ.ഇ.എ) ആഭിമുഖ്യത്തിൽ നടന്ന ഒരു അന്തർദേശീയ നിയമവിദ്യാഭ്യാസ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അത് പിന്നീട് എന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വത്തെ കണ്ടുമുട്ടാനാണെന്ന് അന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല.
എൻ.ആർ. മാധവമേനോൻ അന്ന് സി.എൽ.ഇ.എ എന്ന സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു. പ്രബന്ധം കഴിഞ്ഞ് മലയാളിയെന്ന നിലയിൽ എന്നെ പ്രത്യേകമായി അഭിനന്ദിച്ച അദ്ദേഹത്തിന് ഇന്ത്യയിലെ നിയമ അദ്ധ്യാപകരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധ. പാരമ്പര്യ നിയമപഠനം നിശ്ചലമായിരുന്ന സാഹചര്യത്തിൽ അത് ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കനുസരിച്ച് ഉടച്ചുവാർക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. നിയമവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണവും നിയമ പരിഷ്കരണവും ജീവശ്വാസം പോലെയായിരുന്നു അദ്ദേഹത്തിനെന്ന് അവിടെ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും എന്നെ ബോധ്യപ്പെടുത്തി.
ബാംഗ്ലൂർ നാഷണൽ ലാ കോളേജിലെ തന്റെ ഭാഗധേയം നിർവഹിച്ച് തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം വിശ്രമജീവിതത്തിനൊരുങ്ങിയ അദ്ദേഹത്തെ തേടി പുത്തൻ ദൗത്യങ്ങൾ എത്തിക്കൊണ്ടിരുന്നു. തന്റെ ധിഷണാശേഷിയും സംഘടനാവൈഭവവും തന്റെ ജന്മനാടിന് ഉതകുംവിധം ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന അദ്ദേഹം അന്തർദേശീയ നിലവാരമുള്ള ഒരു നിയമവിദ്യാഭ്യാസകേന്ദ്രം സംഘടിപ്പിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ കെ.കെ. വേണുഗോപാലുമായി ചേർന്ന് വേണുഗോപാലിന്റെ പിതാവായ എ.കെ. നമ്പ്യാർ സ്മാരകത്തിന് വേണ്ടി ശ്രമിച്ചുവെങ്കിലും നിർഭാഗ്യവശാൽ അത് നടന്നില്ല. അതിൽ ഖിന്നനായിരിക്കെയാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു അദ്ദേഹത്തോട് ബംഗാളിൽ അത്തരമൊരു പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കാൻ ആവശ്യപ്പെടുന്നത്. ആ ക്ഷണം ഫോണിൽ എത്തുമ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിയാൻ ശ്രമിച്ച അദ്ദേഹത്തെ നിരന്തരം ഫോണിൽ ബന്ധപ്പെട്ട് സ്നേഹബുദ്ധ്യാ സമ്മതിപ്പിക്കുന്നതിനും ഞാൻ സാക്ഷ്യം വഹിച്ചു. വ്യത്യസ്ത കാഴ്ചപ്പാടോടെയാണ് കൊൽക്കത്തയിൽ അദ്ദേഹം നാഷണൽ ലാ സ്കൂൾ സ്ഥാപിച്ചത്. നിയമപഠനത്തിനപ്പുറം നീതിശാസ്ത്രപഠനകേന്ദ്രമെന്ന നിലയിൽ (ജുഡിഷ്യൽ സയൻസ്) അദ്ദേഹം അത് നടപ്പാക്കി. ആ പ്രയാണത്തിൽ എന്നെയും കൂടെക്കൂട്ടിയിരുന്നു. തുടർന്ന് നിയമ കമ്മിഷനംഗം എന്ന ഭാഗിക ദൗത്യത്തിനിടയിലും സ്വന്തം പേരിൽ മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ അഡ്വക്കസി ആൻഡ് ട്രെയിനിങ് (എം.ഐ.എൽ.എ.ടി) എന്ന പേരിൽ ഒരു സ്ഥാപനം രൂപീകരിക്കുകയും അതിന്റെ സെക്രട്ടറിയായി എന്നെ നിയോഗിക്കുകയുമുണ്ടായി. ഇന്ത്യയിൽ എമ്പാടുമുള്ള യുവ അഭിഭാഷകർക്ക് പരിശീലനം നൽകുന്നതിനുള്ള ശ്രമകരമായ ദൗത്യനിർവഹണവും അദ്ദേഹം അക്ഷീണമായി തുടർന്നുകൊണ്ടേയിരുന്നു.
നിയമവിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ സംഭാവന നൽകിയിട്ടുള്ള നിയമഅദ്ധ്യാപകരെ ആദരിക്കുന്ന ' മാധവമേനോൻ പുരസ്കാരം' പ്രഖ്യാപിക്കുകയും കഴിഞ്ഞ ഒരു ദശാബ്ദകാലമായി ഡൽഹിയിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പുരസ്കാരദാനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, വൈസ് പ്രസിഡന്റ് എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തിവരുന്നതിനും അദ്ദേഹത്തിനൊരു കൈത്താങ്ങായി പ്രവർത്തിക്കാൻ എനിക്കു കഴിഞ്ഞുവെന്നതും ഞാൻ സ്മരിക്കുന്നു.
വി.എസ് സർക്കാരിന്റെ സമയത്ത് എം.എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കേ കേരളത്തിലെ നിയമവിദ്യാഭ്യാസ മേഖല പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ മാധവമേനോൻ അദ്ധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. കേരളത്തിലെ നിയമവിദ്യാലയങ്ങൾ സന്ദർശിച്ച് വിശദമായ പഠനങ്ങൾ നടത്തിയ ആ സമിതിയിൽ ഞാനും അംഗമായിരുന്നു. സമഗ്രമായ നിർദേശങ്ങൾ ഈ സമിതി മുന്നോട്ട് വച്ചെങ്കിലും അത് പൂർണമായും അവഗണിക്കപ്പെട്ടു.
കേരളത്തിൽ അദ്ദേഹത്തിന് അർഹിച്ച ആദരം ലഭിച്ചില്ലെങ്കിലും നോയിഡയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു നിയമസർവകലാശാല ഉയരുകയാണ്. അതിന്റെ മുഖ്യചുമതലക്കാരനായ മനോഹർ തെെറാനി എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് 'താൻ ജീവിതത്തിൽ കണ്ട ജ്ഞാനസന്യാസി" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അത് 2022 ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ ദീപ്തസ്മരണകൾ നിലനിൽക്കുന്ന വേദിയായി അത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.
(ഇന്ത്യൻ ലാ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ പ്രസിഡന്റുമാണ് ലേഖകൻ)