കൊച്ചിയിലെന്നല്ല രാജ്യത്ത് എവിടെയും ഏറ്റവുമധികം നിയമലംഘനങ്ങൾ നടക്കുന്ന മേഖലകളിലൊന്ന് കെട്ടിടനിർമ്മാണ രംഗമാണ്. തീരദേശ പരിപാലന ചട്ടം ലംഘിച്ച് കൊച്ചിയിലെ മരട് നഗരസഭാ പരിധിയിൽ നിർമ്മിച്ചിട്ടുള്ള അഞ്ച് കൂറ്റൻ പാർപ്പിട സമുച്ചയങ്ങൾ പൊളിച്ചുമാറ്റാൻ സുപ്രീംകോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവ് തികച്ചും ഞെട്ടിക്കുന്നതു തന്നെയാണ്.
ഇൗ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളിലായി അഞ്ഞൂറോളം അപ്പാർട്ട്മെന്റുകളാണുള്ളത്. പത്തും പതിനഞ്ചും വർഷം വരെ പഴക്കമുള്ള ഇൗ ഫ്ളാറ്റുകളിൽ നൂറ്റിഅൻപതോളം കുടുംബങ്ങളെ ഇപ്പോൾ താമസമുള്ളൂവെങ്കിലും ഒന്നും ഒന്നരയും കോടി മുടക്കി അവ സ്വന്തമാക്കിയവരിലധികവും സമ്പന്നരായ പ്രവാസികളാണ്. സുപ്രീംകോടതി ഉത്തരവ് കണ്ട് പകച്ചിരിക്കുന്ന അവർ രക്ഷാമാർഗം തേടി പരമോന്നത കോടതിയെത്തന്നെ ശരണം പ്രാപിക്കാനൊരുങ്ങുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർക്കശ നിയന്ത്രണങ്ങൾ ബാധകമായ കായലോരത്താണ് സുപ്രീം കോടതിയുടെ ഉത്തരവ് ബാധകമായ അഞ്ച് ഫ്ളാറ്റുകളും നിൽക്കുന്നത്. ഫ്ളാറ്റുകളുടെ പണി തുടങ്ങുന്ന കാലത്ത് മരട് നഗരസഭയായി വളർന്നിരുന്നില്ല, പഞ്ചായത്തായിരുന്നു. അതുകൊണ്ടുതന്നെയാകാം ഉദ്യോഗസ്ഥരെ സ്വാധീനിച്ചും പണമെറിഞ്ഞും നിർമ്മാണാനുമതി തരപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് നഗരസഭയായി മാറിയപ്പോൾ തീരദേശപരിപാലന നിയമം ചൂണ്ടിക്കാട്ടി നിർമ്മാണാനുമതി റദ്ദാക്കിയെങ്കിലും കെട്ടിട ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു. പെർമിറ്റ് റദ്ദാക്കിയതല്ലാതെ നിർമ്മാണം നിറുത്തിവയ്ക്കാൻ നിർബന്ധിതമാക്കുന്ന സ്റ്റോപ്പ് മെമ്മോ നൽകാതിരുന്നത് വീഴ്ചയോ അറിഞ്ഞുകൊണ്ടുള്ള കളിയോ ആകാം. ഏതായാലും വിവാദത്തിൽ പെട്ട അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളും തീരദേശ മേഖലാചട്ടം കർക്കശമായി പാലിക്കേണ്ട മേഖലയിൽത്തന്നെയാണെന്നുള്ളത് നിരാക്ഷേപമായ കാര്യമാണ്. ഇത് ചൂണ്ടിക്കാട്ടിത്തന്നെയാണ് സുപ്രീംകോടതി ഒരു മാസത്തിനകം ഇൗ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റി വിവരം ബന്ധപ്പെട്ട അധികൃതർ കോടതിയെ അറിയിക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചത്. അനധികൃത നിർമ്മാണങ്ങൾ കാരണം പ്രകൃതിക്കും മനുഷ്യർക്കും ഉണ്ടാകുന്ന കെടുതികൾ കാണാതിരിക്കാനാകില്ലെന്ന് കോടതി പ്രത്യേകം എടുത്തുപറയുന്നുണ്ട്. കൂട്ടത്തിൽ ഇക്കഴിഞ്ഞ പ്രളയത്തെയും സൂചിപ്പിച്ചിരിക്കുന്നു. ഇതുപോലൊരു പ്രളയം ഇനിയും താങ്ങാനുള്ള കെല്പ് ഇൗ കൊച്ചു സംസ്ഥാനത്തിനില്ലെന്ന കോടതിയുടെ പരാമർശം ജലാശയങ്ങൾക്കഭിമുഖമായി ആഡംബര പാർപ്പിട സമുച്ചയങ്ങൾ നിർമ്മിച്ച് ലാഭം കൊയ്യാൻ മോഹിക്കുന്ന കെട്ടിട നിർമ്മാതാക്കൾക്കുള്ള മുന്നറിയിപ്പു കൂടിയാണ്.
പതിനഞ്ചും ഇരുപതുമൊക്കെ നിലകളിൽ കെട്ടി ഉയർത്തിയ മനോഹരമായ ഫ്ളാറ്റുകൾ നിയമലംഘനത്തിന്റെ പേരിൽ നിർമ്മാണം പൂർത്തിയായി നിരവധി വർഷങ്ങൾക്കു ശേഷം പൊളിക്കേണ്ടി വരുന്നത് ചങ്കിൽ കൊള്ളുന്ന കാര്യംതന്നെയാണ്. ബിൽഡറെ വിശ്വസിച്ച് അളവറ്റ പണം നൽകി അവ സ്വന്തമാക്കിയവർക്ക് കോടതിവിധിയെ തുടർന്നുണ്ടാകുന്ന മാനസിക വ്യഥയുടെയും കഷ്ടനഷ്ടങ്ങളുടെയും തോത് ഒരുതരത്തിലും അളക്കാനാകില്ല. ഫ്ളാറ്റുകൾ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്നല്ലാതെ അവയിലെ താമസക്കാരുടെ ഭാവിയെക്കുറിച്ചോ ബിൽഡർ നൽകേണ്ടതായ നഷ്ടപരിഹാരത്തെക്കുറിച്ചോ കോടതി ഒന്നുംപറഞ്ഞതായി കണ്ടില്ല. തീരദേശ ചട്ടലംഘനവുമായോ ഫ്ളാറ്റ് നിർമ്മാണവുമായോ പ്രത്യക്ഷത്തിൽ അവർക്ക് ഒരു ബന്ധവുമില്ലാത്ത നിലയ്ക്ക് അവരുടെ താത്പര്യങ്ങൾക്കും നിയമാനുസൃതമുള്ള പരിരക്ഷ ലഭിക്കേണ്ടതാണ്. ഫ്ളാറ്റുടമകൾ പുന :പരിശോധനാ ഹർജിയുമായി മുന്നോട്ടു പോകുമ്പോൾ ഇൗ വക സംഗതികളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിൽ കാലാകാലങ്ങളായി നടന്നുവരുന്ന അഴിമതിക്കും ക്രമക്കേടുകൾക്കും പരിധിയൊന്നുമില്ല. ഏറ്റവുമധികം കൈക്കൂലി മറിയുന്ന മേഖലയാണത്. വച്ചുനീട്ടുന്ന പണത്തിന്റെ തോതനുസരിച്ച് ഏത് ചട്ടവും അയഞ്ഞുകൊടുക്കും. സംസ്ഥാനത്ത് എമ്പാടുമുണ്ട് കെട്ടിടനിർമ്മാണചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പടുത്തുയർത്തിയിട്ടുള്ള അനേകം മന്ദിരങ്ങൾ. ചട്ടങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കേണ്ടവർ തന്നെയാണ് അവ ലംഘിക്കാൻ കൂട്ടുനിൽക്കാറുള്ളതും. ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വലിയ തോതിലുള്ള ചട്ടലംഘനങ്ങൾക്ക് വളമാകുന്നത്. പഞ്ചായത്തായാലും നഗരസഭയായാലും ചട്ടലംഘനം കണ്ടാലുടൻ നിയമപ്രകാരമുള്ള നടപടി എടുക്കേണ്ടതാണ്. മരടിൽ ചട്ടം ലംഘിച്ച് പണിതുയർത്തിയ ഫ്ളാറ്റുകൾ ആദ്യഘട്ടത്തിൽതന്നെ തടഞ്ഞിരുന്നുവെങ്കിൽ ഇപ്പോഴത്തെ ദുർഗതി ഉണ്ടാകുമായിരുന്നില്ല. എവിടെയെങ്കിലും അനധികൃത നിർമ്മാണം നടക്കുന്നുവെങ്കിൽ അത് കണ്ടുപിടിച്ചു തടയേണ്ടത് അതാതിടത്തെ തദ്ദേശ സ്ഥാപനത്തിന്റെ ചുമതലയാണ്. തീരദേശ പരിപാലന നിയമം ബാധകമായ മരടിലെ കായലോരത്ത് ഫ്ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥന്മാരാണ് ശരിക്കും ശിക്ഷിക്കപ്പെടേണ്ടത്. അവരുടെ വീഴ്ച കാരണം എത്രയധികം പേർക്കാണ് തീർത്താൽ തീരാത്ത കഷ്ടനഷ്ടങ്ങളുണ്ടായിരിക്കുന്നത്. നിർമ്മാണത്തിന്റെ ഒാരോ ഘട്ടത്തിലും കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങുന്നവർ നിയമ ലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കാതെന്തു ചെയ്യും. അകത്തുനിന്നും പുറത്തുനിന്നും എല്ലാവിധ സംരക്ഷണവും ലഭിക്കുന്നതു കൊണ്ട് ആരെയും കൂസാതെ പ്രവർത്തിക്കാനും അവർക്ക് സാധിക്കുന്നു. തീരപരിപാലനചട്ടം ബാധകമായ ഇടങ്ങളിൽ ജലസ്രോതസുകളിൽനിന്ന് 200 മീറ്റർ മാറിയേ നിർമ്മാണം ആകാവൂ എന്നാണ് നിയമം. സുപ്രീംകോടതിയുടെ പൊളിക്കൽ ഉത്തരവ് ബാധകമായ പാർപ്പിട സമുച്ചയങ്ങളിൽ ചിലത് വെള്ളത്തിൽ തൊട്ടുനിൽക്കുന്നതു പോലെയാണ് കാണുന്നത്. നഗ്നമായ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നീതിപീഠങ്ങൾ വടിയെടുക്കുമ്പോൾ കടന്ന കൈയായിപ്പോയി എന്ന് പരിതപിച്ചിട്ടു കാര്യമില്ല. നിയമലംഘനങ്ങൾ ഉരുക്ക് മുഷ്ടിയോടെ നേരിടുമ്പോഴാണ് നിയമത്തിന് പ്രസക്തിയും ബലവും ഉണ്ടാകുന്നത്. നിയമലംഘനങ്ങൾക്ക് കൂട്ടുനിന്നവർ കൂടി ശിക്ഷിക്കപ്പെടുന്ന സാഹചര്യം കൂടി ഉണ്ടാകുമ്പോൾ ആ വൃത്തം പൂർത്തിയാകും.