a

തിരുവനന്തപുരം: പോസിറ്റീവ് എന്നു പറഞ്ഞാൽ കട്ട പോസിറ്റീവ്. പെട്ടെന്ന് കടലാകെ ഇളകി മറിഞ്ഞ് പൂവാറിലെ വീട്ടിലേക്ക് അടിച്ചുകയറിയെന്നിരിക്കട്ടെ, തളർന്നു കിടക്കുന്ന അമ്മയുടെ കൈയും പിടിച്ച് ഈ പെൺമക്കൾ പറയും 'നമുക്ക് ചുമ്മാ ഓടാം അമ്മേ, രസമല്ലേ...'

അതാണ് സ്നേഹ ഡേവിഡും സംഗീത ഡേവിഡും.

പത്താം ക്ളാസ് പരീക്ഷ എഴുതി വീട്ടിലെത്തിയ മക്കളോട് അമ്മ ടാറ്റസ് മേരി (ഷീന) ചോദിച്ചു.

പരീക്ഷ എങ്ങനെയുണ്ട്?

'അതൊക്കെ ഈസിയല്ലേ...'

ഫലം വന്നപ്പോൾ ഈ ഇരട്ടകൾ അമ്മയ്ക്ക് സമ്മാനിച്ചത് ഫുൾ എ പ്ലസ്!

ഈ അമ്മയും മക്കളും സദാ ചിരിയും കളിയുമാണ്. മുഖത്തെപ്പോഴും പ്രസന്നത. വീട്ടിലാകെ ഉല്ലാസം. എന്നാൽ ഫ്ളാഷ് ബാക്കോ?​ ആരെയും തകർത്തെറിയുന്നത്.

ഒന്നെണീറ്റിരിക്കണമെങ്കിൽ പോലും പരസഹായം വേണം ഷീനയ്ക്ക്. അഞ്ചുകൊല്ലം മുമ്പ് നടന്ന വാഹനാപകടത്തിൽ ഒടിയാൻ എല്ലൊന്നും ബാക്കിയില്ല.

ആദ്യം എസ്.എ.ടി ആശുപത്രിയിലും പിന്നെ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ദീർഘകാലം ചികിത്സിച്ചു. അന്ന് സ്നേഹയും സംഗീതയും അഞ്ചാം ക്ളാസിലായിരുന്നു.

മൂന്നാം വയസിൽ പിതാവിനെ നഷ്ടമായി. അമ്മ കിടപ്പിലായി. തുണയായുള്ളത് ഷീനയുടെ അമ്മ ത്രേസ്യ മാത്രം. പക്ഷേ, ഇവർ തളർന്നില്ല.

വളരുന്തോറും മക്കൾക്ക് അമ്മയുടെ കാര്യങ്ങളിൽ ശ്രദ്ധയേറി വന്നു.

സ്കൂൾ വിട്ടാൽ രണ്ടു പേരും ഓടി അമ്മയ്ക്കരികിലെത്തും. അമ്മയ്ക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കണമെങ്കിൽ തങ്ങളുടെ സഹായം വേണമെന്നവർക്ക് നന്നായിട്ടറിയാം. പരീക്ഷ സമയത്തും അമ്മയുടെ ശുശ്രൂഷ മുടക്കിയില്ല.

രാത്രിയിൽ ഉറക്കമിളച്ച് പഠിക്കുന്നതിനിടയിലാകും അമ്മയുടെ വിളി വരിക. ആ നിമിഷം ഇരുവരും ഓടിയെത്തിയിരിക്കും. ഇത് ചിലപ്പോഴൊക്കെ അമ്മയെ മൂഡ്ഔട്ടാക്കാറുണ്ട്.

'ഏയ് ഡോണ്ട് വറി മൈ ഡിയർ മദർ' എന്ന് പറഞ്ഞ് ഒരുമ്മയും കൊടുത്ത് അവർ പഠിക്കും.

പഠിക്കുന്ന കാര്യത്തിൽ ഉത്സാഹമേറെയും സംഗീതയ്ക്കാണ്. സ്നേഹ ഉറക്കംതൂങ്ങിയാൽ നുള്ള് കൊടുത്ത് എഴുന്നേല്പിക്കുന്നത് സംഗീതയാണ്. ഇരട്ടയാണെങ്കിലും ചേച്ചിയുടെ അധികാരമെടുക്കാറുണ്ട് സംഗീത. പൂവാർ കടപ്പുറത്തെ വീട്ടിലിരുന്ന് ജീവിതത്തെക്കുറിച്ച് പുതു സ്വപ്നങ്ങൾ നെയ്യുകയാണ് ഈ കിലുക്കാംപെട്ടികൾ.

''അമ്മേ ഞാൻ ഐ.പി.എസ് മോഹം വിട്ടു. ഐ.എഫ്.എസ് മതി.'' സംഗീതയുടെ വാക്കു കേട്ട് സ്നേഹയ്ക്ക് ചിരി. പിന്നെ മറുപടി ''എനിക്ക് ഐ.എ.എസ് മതി''.

പൊട്ടിച്ചിരിക്കൊടുവിൽ ഷീനയുടെ മറുപടി- ''ഇവരാണ് എന്റെ ഭാഗ്യം. എന്റെ കാവൽ മാലാഖമാർ!''