election-2019

എക്‌സിക്യുട്ടീവ് യോഗം

വിലയിരുത്തൽ

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ മണ്ഡലങ്ങളിൽ സി.പി.ഐയ്‌ക്ക് വിജയസാദ്ധ്യതയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തൽ. രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വയനാട്ടിൽ ശക്തമായ പോരാട്ടം നടത്താൻ കഴിഞ്ഞതായും യോഗം വിലയിരുത്തി. മണ്ഡലം കമ്മിറ്റികൾ സമർപ്പിച്ച പ്രാഥമിക വിശകലന റിപ്പോർട്ട് യോഗം ചർച്ചചെയ്‌തു. ഇരുപത് മണ്ഡലങ്ങളിലെയും സൂക്ഷ്‌മ‌വും വിശദവുമായ റിപ്പോർട്ട് മേയ് 17നു മുമ്പ് ജില്ലാ കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കണം.

ശബരിമല വിഷയവും വിശ്വാസവും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടിന്റെ അവസ്ഥയുമടക്കം എല്ലാ തരത്തിലും തിരഞ്ഞെടുപ്പിലുണ്ടായ അടിയൊഴുക്കുകൾ വിശദമായും സമഗ്രമായും പരിശോധിക്കണം. തിരുവനന്തപുരം മണ്ഡലത്തിൽ രാഷ്ട്രീയമായ വോട്ടുകൾ മാത്രമാണ് വീണതെങ്കിൽ സി.ദിവാകരൻ 7000 മുതൽ 10,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ന്യൂനപക്ഷ- ദളിത് വിഭാഗങ്ങൾക്ക് ഭീഷണിയില്ലാത്ത സംസ്ഥാനമെന്ന അനുകൂലഘടകവും കേന്ദ്ര സർക്കാരിനെതിരായ വികാരവും വോട്ടിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെങ്കിൽ ഭൂരിപക്ഷം കാൽലക്ഷത്തിനു മുകളിലേക്ക് ഉയരും.

മാവേലിക്കര മണ്ഡലത്തിൽ ചങ്ങനാശ്ശേരി ഒഴികെയുള്ള ആറ് അസംബ്ളി മണ്ഡലങ്ങളിലും ഇടതു സ്ഥാനാർത്ഥിക്ക് ലീഡ് കിട്ടും.30,000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തിന് പാർട്ടി സ്ഥാനാർത്ഥി ജയിക്കും. തൃശ്ശൂരിൽ സുരേഷ്ഗോപി സ്ഥാനാർത്ഥിയായി എത്തിയതോടെ കോൺഗ്രസിന്റെ കുറെ വോട്ടുകൾ ബി.ജെ.പിക്കു പോയത് യു.ഡി.എഫിന് ക്ഷീണമുണ്ടാക്കും. ഇത് ഇടതിന്റെ വിജയസാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണ്.നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ അസംബ്ളി മണ്ഡലങ്ങളിലുമായി രണ്ടു ലക്ഷത്തോളം വോട്ട് അവർക്കു ലഭിച്ചത് സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ മികവുകൾ കൂടി പരിഗണിച്ചാണെന്നും യോഗം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിനു ശേഷം പി.വി.അൻവർ എം.എൽ.എ പാർട്ടിക്കെതിരെ നടത്തിയ പരാമർശങ്ങളും ചർച്ചയ്‌ക്ക് വിഷയമായി.എന്നാൽ എം.എൽ.എയുടെ അഭിപ്രായം സി.പി.എം തന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഇക്കാര്യത്തിൽ പ്രതികരണം വേണ്ടെന്നാണ് ധാരണ. ന്യൂനപക്ഷ വോട്ടുകൾ കൈക്കലാക്കാൻ യു.ഡി.എഫ് നടത്തിയ ശ്രമങ്ങൾക്ക് ചില മാദ്ധ്യമങ്ങൾ കൂട്ടുനിന്നതായും അഭിപ്രായമുയ‌ർന്നു.