പാലോട്: പഠന നിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന പള്ളിക്കൂടങ്ങളുടെ പട്ടിയകയിൽ ഇപ്പോൾ ഇടിഞ്ഞാർ ഗവ. ട്രൈബൽ സ്കൂളില്ല. പകരം, എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളുടെ പട്ടികയിലാണ് സ്ഥാനം. കഴിഞ്ഞ നാല് വർഷമായി നൂറ് ശതമാനം വിജയം എന്ന നിലയിൽ നിന്നും താഴേക്ക് പോയിട്ടില്ല. 31 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും നല്ലമാർക്കോടെ വിജയിച്ചു. കഴിഞ്ഞ തവണ 23 കുട്ടികളാണ് പരീക്ഷയെഴുതി വിജയിച്ചത്. മുൻകാലങ്ങളിൽ അദ്ധ്യാപകർ ഇവിടേക്ക് വരാൻ മടിച്ചിരുന്നു. സ്ഥലം മാറി വരുന്ന അദ്ധ്യാപകരാകട്ടെ നീണ്ട അവധിയെടുത്ത് മടങ്ങും. എങ്കിലും ഇരുപത് വർഷത്തിന് മുൻപ് ഒരാൾ മാത്രം ജയിച്ചു എന്നതൊഴിച്ചാൽ അര നൂറ്റാണ്ടിന്റെ സേവനത്തിനിടെ ഒരാൾപോലും ജയിക്കാത്ത അവസ്ഥ ഉണ്ടായിട്ടില്ല. കാട്ടുമൃഗങ്ങളോട് മല്ലിട്ട് വനാന്തരങ്ങളിലെ കുടിലുകളിൽ താമസിക്കുന്ന കാടിന്റെ മക്കൾക്ക് പഠിക്കാൻ ഈ സ്കൂൾ അല്ലാതെ മറ്റൊന്നില്ല. എന്നാൽ അദ്ധ്യാപകരുടെ അഭാവം കാരണം നാട്ടുകാരും രക്ഷാകർത്താക്കളും കൂട്ടായ പരിശ്രമത്തിന്റെ ഭലമായി അദ്ധ്യാപകർ കൃത്യമായി എത്താൻ തുടങ്ങി. ഇതോടെ നിലവിലെ വിജയ ശതമാനം ഉയരാൻ തുടങ്ങി. ഇതോടെ അദ്ധ്യാപകരും ഒപ്പം ചേർന്ന് സ്കൂളിനെ നൂറ് ശതമാനം വിജയത്തിലേക്ക് എത്തിച്ചത്.
അടിപറമ്പ്, വെങ്കിട്ടമൂട്, മങ്കയം, വിട്ടിക്കാവ്, ചെന്നല്ലിമൂട്, ഈയക്കോട്, മുത്തിപ്പാറ, കാട്ടിലക്കുഴി എന്നീ ആദിവാസി ഗ്രാമങ്ങളിലെയും ഇടിഞ്ഞാറിലെ ഈറ്റത്തൊഴിലാളി കുടുംബങ്ങളിലെയും ബ്രൈമൂർ എസ്റ്റേറ്റ് തൊഴിലാളികളുടെയും മക്കളുടെ ഏകാശ്രയമാണ് ഈ പൊതുവിദ്യാലയം. ഈ വിദ്യാലയം ഉള്ളതുകൊണ്ട് മാത്രമാണ് പ്രദേശത്തുള്ളവർ പത്താംതരം കടന്നുകൂടുന്നത്. തുടർപഠനമെന്നത് ഇവിടത്തുകാർക്ക് ബാലികേറാമലയാണ്. ഉപരിപഠനത്തിന് പശ്ചാത്തലമൊരുക്കാൻ മുൻ വനം മന്ത്രി ബിനോയ് വിശ്വം മുൻകൈ എടുത്ത് സ്‌കൂൾ പരിസരത്തെ രണ്ടേക്കറോളം സർക്കാർ ഭൂമി വിദ്യാലയത്തിന് കൈമാറിയിരുന്നു. ഹയർ സെക്കൻഡറി അനുവദിച്ചാൽ ക്ലാസ് മുറികൾ ഇവിടെ നിർമ്മിക്കാനാവും. പക്ഷെ, വിദ്യാഭ്യാസ വകുപ്പോ ജനപ്രതിനിധികളോ ഇക്കാര്യത്തിൽ താത്‌പര്യമെടുക്കുന്നില്ലെന്നാണ് പരാതി.
കഠിന പ്രയത്നവും പകരം വയ്ക്കാനില്ലാത്ത അദ്ധ്യയന മികവും കൊണ്ടാണ് ഉന്നത വിദ്യാലയങ്ങളുടെ നേട്ടത്തിന് തുല്ല്യതയാർന്ന വിജയത്തിളക്കം സ്വന്തമാക്കാൻ സ്‌കൂളിന് സാധിച്ചത്. ജനുവരിയിൽ തുടങ്ങുന്ന പരിശീലന ക്ലാസുകൾ അദ്ധ്യയനവർഷം മുഴുവനുമുണ്ട്. ഈ സമയത്ത് കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും. മൂന്നുനേരത്തെ ആഹാരത്തിന് വകയില്ലാത്തവരുണ്ട് കൂട്ടത്തിൽ. ഐ.എം.എ നെടുമങ്ങാട് യൂണിറ്റ് ''ആരോഗ്യമൈത്രി'' പദ്ധതിയിലുൾപ്പെടുത്തി ഈ വിദ്യാലയത്തെ ദത്തെടുത്തിട്ടുണ്ട്. ജില്ലാപഞ്ചായത്തും വിവിധ വികസന-ക്ഷേമ പദ്ധതികൾ ഇവിടെ നടപ്പിലാക്കി. പക്ഷേ, സ്‌കൂൾ കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയ്ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. പത്ത് അദ്ധ്യാപകർ ആവശ്യമുള്ള പത്താം ക്ലാസിൽ ആകെയുള്ളത് അഞ്ചുപേരാണ്. എല്ലാവിഷയങ്ങളും ഇവരാണ് പഠിപ്പിക്കുന്നത്.