vizhinjam

തിരുവനന്തപുരം: പാറക്ഷാമം കാരണമുള്ള പ്രതിസന്ധി ബോദ്ധ്യപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിന് സർക്കാർ കൂടുതൽ സമയം നൽകും. നിലവിലെ സ്ഥിതി അടിസ്ഥാനപ്പെടുത്തി 16 മാസമാണ് അദാനി ഗ്രൂപ്പ് അധികം ചോദിച്ചിട്ടുള്ളത്. എന്നാൽ ഇത്രയും കാലാവധി അനുവദിക്കില്ല. ഡിസംബറിൽ പൂർത്തിയാകേണ്ട ഒന്നാം ഘട്ടം അടുത്ത ഒക്ടോബറിൽ തീർക്കുന്നതിന് 10 മാസത്തെ സാവകാശം നൽകും. ഇതുസംബന്ധിച്ച ഔദ്യോഗികമായ തീരുമാനം പിന്നീടുണ്ടാകും.
ഓഖി ദുരന്തവും തുടർച്ചയായ കടൽക്ഷോഭവും കാരണം മാസങ്ങളോളം നിർമ്മാണം നിലച്ചിരുന്നു. ഇത് കണക്കാക്കിയാണ് 16 മാസം നീട്ടിച്ചോദിച്ചത്. എന്നാൽ ഇത് അനുവദിച്ചിരുന്നില്ല. പക്ഷേ പാറക്ഷാമം കാരണം പുലിമുട്ട് നിർമ്മാണത്തിലുണ്ടായ പ്രതിസന്ധി മനസിലാക്കിയാണ് സമയം നീട്ടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗം ഇതു സംബന്ധിച്ച് ചർച്ച നടത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 21 ക്വാറികൾക്ക് പാറ പൊട്ടിക്കുന്നതിന് അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഒരു ക്വാറിക്കുള്ള ലൈസൻസേ കിട്ടിയിട്ടുള്ളൂ. മറ്റുള്ളവയ്‌ക്ക് അനുമതി ലഭ്യമാക്കുന്നതിനായി തുറമുഖ വകുപ്പ് നടപടി സ്വീകരിക്കും. മൺസൂണിൽ നിറുത്തുന്ന നിർമ്മാണം ഒക്ടോബറിലേ പുനരാരംഭിക്കാനാകൂ. ഈ കാലയളവിൽ പാറയെടുക്കാനുള്ള അനുമതി ലഭ്യമാക്കിയാലേ മഴക്കാലത്തിനുശേഷം പുലിമുട്ട് നിർമ്മാണം വേഗത്തിലാകൂ.

നിലവിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് കല്ലെടുക്കുന്നുണ്ട്. എന്നാൽ കടൽക്ഷോഭം കാരണം കടൽമാ‌ർഗം കല്ലെത്തിക്കുന്ന ജോലി മന്ദഗതിയിലാണ്. തുടർന്ന് കരമാർഗം പാറ കൊണ്ടുവരുന്ന ലോറികൾക്ക് ദിവസം 20 മണിക്കൂർ ഓടാനുള്ള അനുമതിയും അദാനി തേടി. ഇക്കാര്യവും സർക്കാർ അംഗീകരിച്ചേക്കും.