തിരുവനന്തപുരം : പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ളാസ് വരെ ഒരേ ദിവസം പ്രവേശനം. എല്ലാ കുട്ടികളുടെയും കൈവശം എല്ലാ പാഠപുസ്തകങ്ങളും. ഉയർന്ന വിജയ ശതമാനത്തിന് പിന്നാലെ, സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ അടുത്ത അദ്ധ്യയന വർഷം പുതിയ ചരിത്രമെഴുതുകയാണ്.
മദ്ധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ ജൂൺ 3ന് തുറക്കും. അതിന് മുമ്പ് പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കുന്നതിനുള്ള ഷെഡ്യൂൾ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഇതോടെയാണ്, ഇതാദ്യമായി പന്ത്രണ്ടാം ക്ലാസ് വരെ ഒരേ ദിവസം പ്രവേശനം സാദ്ധ്യമാവുന്നത്. പ്രവേശനോത്സവങ്ങളും അന്ന് തന്നെ നടക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവേശനോത്സവങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇക്കുറി തൃശൂരിലാണ്.
ആശങ്കയില്ലാതെ
സി.ബി.എസ്.ഇ വിദ്യാർത്ഥികൾ
ഇക്കുറി സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം നേരത്തേ പ്രഖ്യാപിച്ചതിനാൽ ഇവർക്കും സംസ്ഥാനതല പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനാവും. മുൻ വർഷങ്ങളിൽ പരീക്ഷാഫല പ്രഖ്യാപനം വൈകിയത് മൂലം സി.ബി.എസ്.ഇയിൽ നിന്നെത്തുന്നവർക്ക് ഉയർന്ന മാർക്കുണ്ടായാലും ഇഷ്ടപ്പെട്ട ബാച്ചും സ്കൂളും ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കഴിഞ്ഞ വർഷവും ഇത് നിമിത്തം അലോട്ട്മെന്റ് തിയതികൾ നീട്ടിവയ്ക്കേണ്ടി വന്നിരുന്നു.
പാഠപുസ്തക വിതരണം പൂർത്തിയായി
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യം (ശരാശരി 60 പേജ് ) 3295 സ്കൂൾ സൊസൈറ്രികൾ വഴി സംസ്ഥാനത്തെ 12,294 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് ലഭ്യമാക്കിയതായി ഡി.പി.ഐ അധികൃതർ പറഞ്ഞു. 9,10 ക്ലാസ്സുകളിലെ എല്ലാ പാഠപുസ്തകങ്ങളിലും മാറ്റമുണ്ട്. ഈ പുസ്തകങ്ങളും ഉടനെ സ്കൂളുകളിൽ എത്തിക്കും. പുസ്തക ലഭ്യതയിൽ കുറവുണ്ടെങ്കിൽ ഈ മാസം 30നകം അത് പരിഹരിക്കൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ 1248 അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾക്കും അവരുടെ ആവശ്യ പ്രകാരം പാഠപുസ്തകങ്ങൾ നൽകുന്നുണ്ട്.
പ്ലസ് വൺ,പ്ലസ് ടു വിഭാഗങ്ങളിലെ എട്ടര ലക്ഷത്തിൽപ്പരം കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചതായി ഹയർ സെക്കൻഡറി അധികൃതർ പറഞ്ഞു. വിതരണം ഈ മാസം 30നകം പൂർത്തിയാക്കും.
203 അദ്ധ്യയന ദിനം ഉറപ്പാക്കും
പൊതു വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായി ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ 203 ഉം, വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 226 ഉം അദ്ധ്യയന ദിനം ഉറപ്പാക്കും.