തിരുവനന്തപുരം: കരളിലെ ഉയർന്ന രക്തസമ്മർദ്ദം മൂലം അമാശയത്തിലെ രക്തക്കുഴലുകൾ വീങ്ങുന്ന രോഗത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ നൂതന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ തിരുവനന്തപുരം സ്വദേശിയായ നാൽപ്പത്തൊൻപതുകാരിയിലാണ് ചികിത്സ നടത്തിയത്. തുടർച്ചയായി രക്തം ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് വീങ്ങിയ രക്തക്കുഴലുകളും രക്തസ്രാവവും കണ്ടെത്തിയത്. തുടർന്ന് ശ്രീചിത്രയിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ കൂടാതെ ബലൂൺ ഒക്ലൂഡഡ് റിട്രോഗ്രേഡ് ട്രാൻസ്വെനസ് ഒബ്ലിട്ടറേഷൻ (ബി.ആർ.ടി.ഒ) എന്ന ചികിത്സയിലൂടെ കഴുത്തിലെ രക്തക്കുഴൽ വഴി ഈ ഞരമ്പുകൾ കരിച്ചത്. ആദ്യമായാണ് ഇത്തരം ചികിത്സാമാർഗം സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയിൽ നടക്കുന്നത്. ചെലവേറിയ ഈ ചികിത്സ ആരോഗ്യ ഇൻഷ്വറൻസ് മുഖേന സൗജന്യമായാണ് രോഗിക്ക് ലഭ്യമാക്കിയത്. ശ്രീചിതാ ആശുപത്രിയുമായി സഹകരിച്ച് കരൾ രോഗത്തിന് മറ്റൊരു നൂതന ചികിത്സാരീതിയായ ടിപ്പ്‌സും മുമ്പ് നടത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഓപ്പൺ സർജറിയുടെ അപകടസാദ്ധ്യത വളരെ കൂടുതലായ കരൾ രോഗികൾക്ക് ഇത്തരം ചികിത്സകൾ പ്രയോജനകരമാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉദരരോഗ വിഭാഗം മേധാവി ഡോ. കൃഷ്ണദാസ് ദേവദാസ്, ഡോ. സന്ദേഷ്, ഡോ. ഷാനിദ്, ശ്രീചിത്രയിലെ ഡോക്ടർമാരായ ഡോ. കേശവ്‌ദേവ്, ഡോ. ജിനേഷ്, ഡോ. അനൂപ്, ഡോ. ജയദേവൻ, ഡോ. സന്തോഷ് എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.