2

വിഴിഞ്ഞം: കോവളത്ത് തിരയിൽപ്പെട്ട് ബോട്ട് മറിഞ്ഞു. വിനോദ സഞ്ചാരികളായ അച്ഛനും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ബോട്ട് ഡ്രൈവർ ഹെൻട്രി ആശുപത്രിയിൽ ചികിത്സയിലാണ്.

ഹവ്വാ ബീച്ചിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഉല്ലാസ ബോട്ടിൽ സഞ്ചരിച്ച അടൂർ സ്വദേശികളായ ഷിനു ഡാനിയേൽ (40), മക്കളായ അൽന (14), അലൻ (17), ഏഞ്ചലിക്ക (8) എന്നിവരെ ലൈഫ് ഗാർഡും ബോട്ട് തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചു. തീരത്തോടടുത്താണ് അപകടം നടന്നതെന്നതിനാൽ തലനാരിഴയ്ക്കാണ് ഇവരുടെ ജീവൻ തിരിച്ചു കിട്ടിയത്. നാലു പേരും കയറി ബോട്ട് നീങ്ങി തുടങ്ങിയപ്പോൾ ഉണ്ടായ ശക്തമായ തിരയിൽ ബോട്ട് തലകീഴായി മറിയുകയായിരുന്നു. തീരത്ത് നിന്നവരും ബോട്ട് യാത്രികരും നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. അപകടം നടന്ന ഉടനേ ലൈഫ് ഗാർഡുകളും മറ്റ് ബോട്ട് തൊഴിലാളികളും ഇവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. കടൽക്ഷോഭമുണ്ടാകാനും ശക്തമായ കാറ്റടിക്കാനുമുള്ള സാദ്ധ്യത കണ്ട് ഉച്ചയ്ക്ക് ശേഷം 3.30 മുതൽ ഉല്ലാസ ബോട്ട് സവാരി നിറുത്തിവയ്ക്കാൻ ടൂറിസം പൊലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പും ഉണ്ടായിരുന്നുവെങ്കിലും ഇത് ലംഘിച്ചാണ് ഉല്ലാസ ബോട്ട് സവാരി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരയിൽപ്പെട്ട് ബോട്ട് ഉയർന്നുപൊങ്ങി. യാത്രക്കാർ തെറിച്ചു വീഴുകയായിരുന്നു. ബോട്ടിനടിയിൽപ്പെട്ടാണ് ഡ്രൈവർക്ക് പരിക്ക് പറ്റിയത്. എല്ലാപേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. അപകടത്തെ തുടർന്ന് ഉല്ലാസ ബോട്ട് സവാരി പൊലീസ് നിറുത്തിവച്ചു. ലൈഫ് ഗാർഡ് സൂപ്പർവൈസർ പ്രഭാകരൻ, ലൈഫ് ഗാർഡുമാരായ പരമേശ്വരൻ, അജികുമാർ, സന്തോഷ്, ശിവദാസൻ എന്നിവരും മറ്റ് ബോട്ടു തൊഴിലാളികളും ചേർന്ന് മറിഞ്ഞ ബോട്ടിനെ കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു.

പരിശോധന നടത്തും

മറിഞ്ഞ സംഭവത്തെ തുടർന്ന് കോവളത്തെ ഉല്ലാസ ബോട്ടുകളിൽ ഇന്ന് പൊലീസ് പരിശോധന നടത്തും. കോവളം വിനോദ സഞ്ചാരതീരത്ത് 100 ഓളം ബോട്ടുകളാണ് സവാരി നടത്തുന്നത്. 90 കളുടെ അവസാനത്തിൽ ഉല്ലാസ ബോട്ട് മറിഞ്ഞ് കർണാടക സ്വദേശികളായ 5 പേർ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവിടെ ഉല്ലാസ ബോട്ട് സവാരി നടത്താൻ ലൈസൻസ് കർശനമാക്കിയിരുന്നു. സവാരി നടത്തുന്ന ബോട്ടുകളിൽ ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധന നടത്തുമെന്ന് കോവളം എസ്.ഐ വിദ്യാധിരാജ് പറഞ്ഞു.