നെടുമങ്ങാട് : റവന്യൂ ടവറിനു മുന്നിലെ കാർ പാർക്കിംഗ് പ്രശ്നത്തിൽ നെടുമങ്ങാട് തഹസിൽദാർക്കെതിരെ ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) പ്രസന്നകുമാരി ജില്ലാ കളക്ടർക്ക് പരാതി നൽകി. നേമം മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ജെ.ആർ, ജോയിന്റ് ഡയറക്ടറുമൊത്ത് (ആഡിറ്റ് വിഭാഗം) പ്രതിമാസ അവലോകന യോഗത്തിന് റവന്യൂ ടവറിലെ അസിസ്റ്റന്റ് രജിസ്ട്രാർ ആഫീസിലെത്തിയപ്പോഴുണ്ടായ ദുരനുഭവമാണ് കളക്ടറുടെ മുന്നിലെത്തിയത്. ജെ.ആറിന്റെ ഔദ്യോഗിക വാഹനം റവന്യൂ ടവറിന് മുന്നിൽ പാർക്ക് ചെയ്യാൻ ഡ്രൈവറോട് നിർദ്ദേശിച്ച തഹസിൽദാർ, ലാൻഡ് റവന്യൂ വകുപ്പിന്റെ ജീപ്പ് നിർബന്ധപൂർവം അതിനു പിന്നിൽ പാർക്ക് ചെയ്യിച്ച് വഴിമുടക്കിയെന്നാണ് പരാതി.
റവന്യൂ ടവറിനു മുന്നിലെ വാഹന പാർക്കിംഗ് തർക്കം സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.15 നായിരുന്നു വഴിമുടക്ക് സംഭവം. മീറ്റിംഗ് കഴിഞ്ഞ് ജോയിന്റ് രജിസ്ട്രാർ പോകാനായി വാഹനത്തിനടുത്തെത്തിയപ്പോൾ തഹസിൽദാരുടെ നിർദ്ദേശം ലഭിക്കാതെ ജീപ്പ് മാറ്റില്ലെന്ന വാശിയിലായിരുന്നു ലാൻഡ് റവന്യൂവിന്റെ ഡ്രൈവർ. തഹസിൽദാരെ ഫോണിൽ വിളിച്ച് താൻ ജോയിന്റ് രജിസ്ട്രാറും അസിസ്റ്റൻഡ് റിട്ടേണിംഗ് ഓഫീസറുമാണെന്ന് അറിയിച്ചെങ്കിലും ഫോൺ കട്ട് ചെയ്തു. മറ്റു പോംവഴിയില്ലാതെ സ്വകാര്യ വാഹനം വിളിച്ചാണ് ജെ.ആറിന് പുറത്ത് പോകാനായത്. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് തഹസിൽദാർ എത്തി ലാൻഡ് റവന്യൂവിന്റെ ജീപ്പ് മാറ്റി ഇട്ടത്. സംഭവവുമായി അസിസ്റ്റന്റ് രജിസ്ട്രാർക്കോ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്നും ജോയിന്റ് രജിസ്ട്രാറുടെ വാഹനമാണ് തഹസിൽദാർ തടസപ്പെടുത്തിയതെന്നും നെടുമങ്ങാട് എ.ആർ (ജനറൽ) വിജു ശങ്കർ വിശദമാക്കി.
ഗതാഗത പ്രശ്നം ടവറിന്റെ ഉടമസ്ഥതയുള്ള ഭവന ബോർഡിനെ രേഖാമൂലം ധരിപ്പിച്ചിട്ടുണ്ടെന്നും നെടുമങ്ങാട് തഹസിൽദാർ പറഞ്ഞു. ജെ.ആറിന്റെ കാറിനു പോകാൻ സൗകര്യമൊരുക്കിയെങ്കിലും അവർ മറ്റൊരു വാഹനത്തെ ആശ്രയിക്കുകയായിരുന്നുവെന്ന് തഹസിൽദാർ ആരോപിച്ചു. താലൂക്കാഫീസും സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസും ഉൾപ്പെടെ ഇരുപതോളം ഓഫീസുകളും മുപ്പതോളം സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന റവന്യൂ ടവറിനു മുന്നിലെ വാഹന പാർക്കിംഗ് സൃഷ്ടിക്കുന്ന പൊല്ലാപ്പുകളിൽ ഒടുവിലത്തേതാണ് ജോയിന്റ് രജിസ്ട്രാറും തഹസിൽദാരും തമ്മിലുള്ള കൊമ്പുകോർക്കൽ. പാർക്കിംഗ് നിയന്ത്രണത്തിന് ഭവന ബോർഡോ, പൊലീസോ മുന്നോട്ടു വരാത്തതാണ് അടിക്കടിയുള്ള ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കുന്നത്.
നെടുമങ്ങാട് നഗരത്തിലെ ലാന്റ് മാർക്കാണ് റവന്യു ടവർ. അഞ്ച് നിലകളുള്ള ഈ ബഹുനില മന്ദിരത്തിൽ താലൂക്ക് നിലവാരത്തിലുള്ള വിവിധ ഓഫീസുകളിലായി രണ്ടായിരത്തോളം പേർ ജോലിയെടുക്കുന്നുണ്ട്. ഇതിനു പുറമെ അയ്യായിരത്തിലേറെ സന്ദർശകർ പലതരം ആവശ്യങ്ങൾക്കായി നിത്യവും ഇവിടെ വന്നുപോകുന്നു. ഒപ്പം അന്യ വാഹനങ്ങളും ഇവിടെ പാർക്കിംഗിന് എത്തും. എന്നാൽ ഇതിനെല്ലാം നാമമാത്രമായ സ്ഥലമാണ് വാഹന പാർക്കിംഗിനുള്ളത്. ആറു മാസമായി ഇവിടെ പകൽ സെക്യൂരിറ്റിയോ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോയില്ല. മന്ദിരത്തിന്റെ ചുവരുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പൊതു ടോയ്‌ലറ്റുകളിൽ മൂക്ക് പൊത്താതെ കയറാനാവില്ല.