നെയ്യാറ്റിൻകര: താലൂക്കിലെ വിവിധ പുറുപോക്ക് ഭൂമിയിൽ വളർന്നു നിൽക്കുന്ന അക്കേഷ്യ, ലൂക്കാലിപ്റ്റസ് മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. നെയ്യാറ്റിൻകര റെയിൽ വേ പുറംപോക്ക്, വെള്ളായണി കായലിനോട് ചേർന്ന പ്രദേശങ്ങളിലും അക്കേഷ്യ മരങ്ങൾ കാടുപോലെ വളർന്ന് നിൽക്കുകയാണ്. സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായാണ് അക്കോഷ്യ, യുക്കാലിപ്റ്റസ് മരങ്ങൾ വെച്ചുപിടിപ്പിച്ചത്. ഇവ രണ്ടും പരിസ്ഥിതിക്ക് ദോഷം വരുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ വക പുറംപോക്ക് ഭൂമിയിൽ അധികൃതർ മരം വച്ചുപിടിപ്പിക്കുകയായിരുന്നു. അക്കേഷ്യയുടെ പൂവിൽ നിന്നുള്ള പരാഗ രേണുക്കൾ ശ്വസിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖം പിടിപെടുമെന്ന് കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ മരം വളർന്നതിന് ശേഷം പരിസരത്തെ താമസക്കാരായ നാട്ടുകാർക്ക് ശ്വാസകോശ ജന്യ രോഗങ്ങൾ പിടിപെടുന്നതും പതിവായി. യൂക്കാലിപ്റ്റസാകട്ടെ ഭൂമിയിലെ ആഴത്തിലുള്ള ജലം വരെ വലിച്ചെടുക്കാൻ കെൽപ്പുള്ളവയും. താലൂക്കിലെ സർക്കാർ വക ഭൂമിയിൽ ഇത് തഴച്ചുവളർന്നാൽ സമീപപ്രദേശങ്ങൾ മരുഭൂമിക്ക് തുല്യമാകുമെന്ന പരാതിയും പരക്കെയുണ്ട്. താലൂക്കിലെ സർക്കാർ വക പുറംപോക്ക് ഭൂമികളിലധികവും ഇത്തരം മരങ്ങളാണ്. നേമം മുതൽ പാറശാല വരെയുള്ള റെയിൽവേ പുറംപോക്ക് ഭൂമിയിലാണ് അധികവും അപകടകാരികളായ ഈ വൃക്ഷങ്ങൾ ധാളമായിട്ടുള്ളത്.

വെള്ളായണിക്കും ദുർഗതി

ചതുപ്പു നിലം ഇല്ലാതാക്കുവാൻ വെള്ളായണിക്ക് സമീപം പണ്ടാരക്കരിയിൽ അക്കേഷ്യ മരങ്ങൾ നട്ട സ്ഥലമുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനത്തെ ശുദ്ധജല തടാകങ്ങളിലൊന്നായ വെള്ളായണി കായലിന്റെ ജലസമ്പത്താണ് ഇതുകാരണം നഷ്ടമാകുന്നത്. ഈ ഭാഗത്തെ ചതുപ്പുനിലം വെള്ളം വറ്റിവരണ്ട് മൈതാനം പോലെയായി മാറി. കാർഷിക കോളേജിന് സമീപം ബണ്ട് റോഡിന്റെ ഇരുവശത്തും അക്കേഷ്യ മരങ്ങൾ കൂട്ടത്തോടെ വളരുന്നു. നിയമസഭാ സമിതിക്കു മുമ്പാകെ നാട്ടുകാരും വിവിധ സംഘടനകളും കായൽ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും കായൽ സംരക്ഷണത്തിനു നടപടിയില്ല. പ്രശ്നം നിയമസഭാ സമിതിക്ക് മുൻപാകെ വീണ്ടും അവതരിപ്പിക്കുമെന്ന് എം.വിൻസെന്റ് എം.എൽ.എ പറയുന്നു.