uefa-champions-league-fin
uefa champions league final tottenham

രണ്ടാംപാദ സെമിയിൽ അയാക്സിനെ 3-2ന് കീഴടക്കി ടോട്ടൻ ഹാം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

. ചരിത്രത്തിലാദ്യമായി ടോട്ടൻഹാം ഫൈനലിലെത്തിയത് ആദ്യപാദ സെമിയിൽ തോറ്റശേഷം

. ജൂൺ ഒന്നിന് മാഡ്രിഡിൽ ആൾ ഇംഗ്ളീഷ് ഫൈനൽ

ആംസ്റ്റർഡാം : തലേരാവിൽ ആൻഫീൽഡിൽ ലിവർപൂൾ കാട്ടിയ അത്‌ഭുതമാണ് അയാക്സിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിഫൈനലിനിറങ്ങുമ്പോൾ ടോട്ടൻഹാം താരങ്ങളുടെ മനസിലുണ്ടായിരുന്നത്. ആ വിസ്മയത്തിന്റെ തനിയാവർത്തനമെന്ന പോലെ ആദ്യപാദത്തിലെ തോൽവിയിൽ നിന്ന് ഉയിർത്തെണീറ്റ് 3-2 എന്ന മാർജിനിലെ വിജയത്തോടെ എവേ ഗോളിന്റെ ആനുകൂല്യവുമായി ടോട്ടൻഹാം തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ചങ്കുവിരിച്ചു നടന്നു.

ആദ്യപാദ സെമിയിൽ സ്വന്തം തട്ടകത്തിൽ 1- 0 ത്തിന് തോറ്റിരുന്ന ടോട്ടൻഹാമിനെ രണ്ടാംപാദത്തിൽ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ചത് ലൂക്കാസ് മൗറയെന്ന ബ്രസീലിയൻ താരത്തിന്റെ ഹാട്രിക്കാണ്. ആദ്യപകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങി വിറങ്ങലിച്ചുനിന്ന ടോട്ടൻ ഹാമിനെ രണ്ടാം പകുതിയിലെ അത്യുജ്വല ഹാട്രിക്കിലൂടെ വിജയരഥമേറ്റുകയായിരുന്നു മൗറ. 55,59,90 + 6 മിനിട്ടുകളിലായിരുന്നു മൗറയുടെ മറിമായം. അഞ്ചാംമിനിട്ടിൽ ഡിലൈറ്റും 35-ാം മിനിട്ടിൽ സിയേഷുമാണ് അയാക്സിന് വേണ്ടി ഗോളുകൾ നേടിയിരുന്നത്.

ആദ്യപകുതിയിൽത്തന്നെ ഗോൾ മാർജിനിൽ 3-0 ത്തിന് മുന്നിലെത്തിയിരുന്ന അയാക്സിന്റെ ഫൈനൽ ബർത്ത് ചുണ്ടോടടുപ്പിക്കവേ തട്ടിത്തെറിപ്പിക്കുന്നതുപോലെയായിരുന്നു ഫൈനൽ വിസിലിന് തൊട്ടുമുമ്പുള്ള മൗറയുടെ മൂന്നാം ഗോൾ. ഇതോടെ ഇരുപാദങ്ങളിലുമായി ഗോൾ മാർജിൻ 3-3. മൂന്ന് ഗോളുകളും അയാക്സിന്റെ തട്ടകത്തിൽ നേടിയ ടോട്ടൻഹാമിന് ഇതോടെ എവേ ഗോളിന്റെ ആനുകൂല്യം ലഭിക്കുകയായിരുന്നു.

ടോട്ടൻ ഹാമിന്റെ അതിശയ വിജയം യുവേഫ ചാമ്പ്യൻസ് ലീഗിൽ 11 വർഷത്തിന് ശേഷമുള്ള ആൾ ഇംഗ്ളീഷ് ഫൈനലിന് വഴി തുറന്നിരിക്കുകായണ്. ലിവർപൂളാണ് ഫൈനലിൽ ടോട്ടൻ ഹാമിന്റെ എതിരാളികൾ.

3-2

5-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെയാണ് ഡിലൈറ്റ് അയാക്സിന്റെ ആദ്യ ഗോൾ നേടിയത്.

35-ാം മിനിട്ടിൽ ടാഡിച്ചിന്റെ തകർപ്പൻ ആസൂത്രണത്തിൽ നിന്ന് സിയേഷിന്റെ അതിഗംഭീര ഗോളിന് അയാക്സ് 2-0 ത്തിന്റെ ലീഡിൽ

55-ാം മിനിട്ടിൽ ഡേലി അല്ലിയുടെ ക്രോസിൽ നിന്ന് ലൂക്കാസ് മൗറ ടോട്ടൻഹാമിന്റെ ആദ്യഗോൾ നേടി.

59-ാം മിനിട്ടിൽ അയാക്സ് ഗോളി തട്ടിയകറ്റിയ പന്ത് പിടിച്ചെടുത്ത് മൗറ കളി സമനിലയിലാക്കി.

90+6 -ാം മിനിട്ടിൽ വിജയമാഘോഷിക്കാൻ തയ്യാറെടുത്തിരുന്ന അയാക്സ് ആരാധകരുടെ വായടപ്പിച്ച് മൗറയുടെ ഹാട്രിക്.

2-0

1999 ന് ശേഷം ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം വിജയം നേടുന്ന ആദ്യ ടീമാണ് ടോട്ടൻഹാം . 99ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിനെയാണ് മറികടന്നത്.

ഹോം ഗ്രൗണ്ടിൽ ആദ്യപാദം തോറ്റശേഷം ഫൈനലിലെത്തുന്ന രണ്ടാമത്തെ മാത്രം ടീമാണ് ടോട്ടൻഹാം. 1995-96 സീസണിൽ അയാക്സാണ് ഇത്തരത്തിൽ ആദ്യം ചരിത്രമെഴുതിയത്.

1996 നുശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുമെന്ന അയാക്സിന്റെ സ്വപ്നമാണ് മൗറ ഇന്നലെ തച്ചുടച്ചത്. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് തുടങ്ങിയ വമ്പൻമാരെ തകർത്താണ് അയാക്സ് സെമിയിലെത്തിയത്.

യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ ബ്രസീലിയൻ താരമാണ് മൗറ.

18 മാസംമുമ്പാണ് പാരീസ് എസ്.ജിയിൽനിന്ന് മൗറ ടോട്ടൻഹാമിലെത്തിയത്. പാരീസ് നെയ്‌മറെ ടീമിലെടുത്തപ്പോൾ മൗറയെ കളയുകയായിരുന്നു.

ഫുട്ബാൾ ഇതുപോലെ നമുക്കൊരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിക്കും എന്റെ കരിയറിലെ മാത്രമല്ല ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച മുഹൂർത്തമാണിത്.

ലൂക്കാസ് മൗറ

കണ്ണീരടക്കാനാകാതെ പോച്ച റ്റീനോ

മൗറ, എന്റെ സൂപ്പർ ഹീറോയാണ്. എന്റെ കുട്ടികളെല്ലാം ഹീറോകളാണ്. സന്തോഷംകൊണ്ട് എനിക്കൊന്നും പറയാനാകുന്നില്ല. ഇന്നലെ മത്സരശേഷം പത്രലേഖകരുമായി സംസാരിക്കാനെത്തുമ്പോഴും ടോട്ടൻഹാം കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോയുടെ കണ്ണുകളിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിയുകയായിരുന്നു. അലറിവിളിച്ചും തന്റെ താരങ്ങളെ ദീർഘമായി ആശ്ളേഷിച്ചുമാണ് പൊച്ചെറ്റീനോ വിജയാഹ്‌ളാദം പ്രകടിപ്പിച്ചത്.

ആൾ ഇംഗ്ളീഷ് ഫൈനൽ

യൂറോപ്പിലെ മൂന്നാമത്തെ ആൾ ഇംഗ്ളീഷ് ക്ളബുകളുടെ ഫൈനലാകും ജൂൺ ഒന്നിന് ലിവർപൂൾ ടോട്ടൻ ഹാമും തമ്മിൽ മാഡ്രിഡിൽ നടക്കുക. 1972 ലെ യുവേഫ കപ്പ് ഫൈനലിൽ ടോട്ടൻഹാമും വോൾവർഹാംപ്ടണും ഏറ്റുമുട്ടിയിരുന്നു. 2008 ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിലായിരുന്നു പോരാട്ടം.

. ഇക്കുറി ഫൈനലിലെത്തിയ രണ്ട് ടീമുകളും ആദ്യപാദ സെമിയിൽ തോറ്റവരാണ്. ലിവർപൂൾ ബാഴ്സലോണയോടാണ് തോറ്റിരുന്നത്.