02

ശ്രീകാര്യം: ഹോട്ടലിൽ ഭക്ഷണം വിളമ്പുമ്പോൾ മീനിന്റെ തലയുടെ ഭാഗം കൂടി ചേർന്ന മീൻ കഷണം വിളമ്പിയതിനെ ചൊല്ലി തർക്കം. ഇത് വേണ്ടെന്ന പരാതിയെ തുടർന്ന് വെയിറ്റർ അത് തിരികെ കൊണ്ടുപോകാൻ തുടങ്ങുമ്പോൾ തൊട്ടടുത്ത മേശയിലിരുന്നയാൾ ഇത് ആവശ്യപ്പെടുകയും ജീവനക്കാരൻ നൽകുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ യുവാവ് ചാടിയെണീറ്റ് ബഹളം വച്ചു. ബഹളം കേട്ട് കാര്യം തിരക്കിയെത്തിയ കാഷ് കൗണ്ടറിലുണ്ടായിരുന്ന കടയുടമയുടെ ബന്ധു അശ്വനെ (17) യുവാവ് മർദ്ദിച്ചു. കുട്ടിയെ മർദ്ദിക്കുന്നത് തടയാനെത്തിയ കടയുടമ ശ്യാമിനെയും യുവാവ് മർദ്ദിക്കുകയും ഹോട്ടൽ അടിച്ച് തകർക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ശ്രീകാര്യം ഇളംകുളം അനന്തറാം റസ്റ്റോറന്റിലാണ് സംഭവം. കടയിലെ കസേരകളും മേശയും പാത്രങ്ങളും തറയിൽ എറിഞ്ഞു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പൊലീസെത്തുമ്പോഴേക്കും മുങ്ങിയിരുന്നു. സംഭവത്തിൽ പോങ്ങുംമൂട് ബാപ്പുജി നഗർ സ്വദേശി രാജീവിനെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.