കൊട്ടിയം: അന്യദേശ തൊഴിലാളിയുടെ കൈയേറ്റത്തിൽ പരിക്കേറ്റ കശുഅണ്ടി ഫാക്ടറി വാച്ചുമാൻ ആശുപത്രിയിൽ മരിച്ചു.മുഖത്തല ഇ.എസ്.ഐ ജംഗ്ഷന് സമീപമുള്ള കശുഅണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തഴുത്തല കിഴവൂർ നീരൊഴുക്കു മുക്ക് ചരുവിള വീട്ടിൽ ശശിധരൻ പിളളയാണ് (58) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ താത്കാലിക തൊഴിലാളിയും പശ്ചിമബംഗാൾ സ്വദേശിയുമായ റാസി ദുൾ പ്രമാണികിനെ (25) കൊട്ടിയം പൊലീസ് അറസ്റ്റു ചെയ്തു.
5ന് വൈകിട്ട് 7ന് റാസി ദുൾ പ്രമാണിക് അകത്ത് കയറണമെന്ന് പറഞ്ഞ് ഫാക്ടറിക്കു മുന്നിലെത്തി. ശശിധരൻ കയറ്റിവിട്ടില്ല. തുടർന്ന് വാക്കുതർക്കവും കൈയേറ്റവുമായി. ശശിധരനെ തള്ളിവീഴ്ത്തി. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റു. മുറിവിന് മരുന്ന് വച്ചതല്ലാതെ വിദഗ്ദ്ധ ചികിത്സ നടത്തിയില്ല. അന്ന് വെളുക്കുവോളം ജോലിയിൽ തുടർന്നു. രാവിലെ മേവറം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വെളുപ്പിന് ശശിധരൻ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഉഷ. മക്കൾ: അശ്വതി, രേവതി. മരുമകൻ: ബൈജു. പ്രതിയെ കോടതി പതിന്നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.