വിശാഖപട്ടണം : പ്രായത്തിലും പരിചയത്തിലും പുലിയാണ് ധോണി. ചെറുപ്പത്തിന്റെ വീര്യമുള്ള വീരനാണ് ശ്രേയസ് അയ്യർ. 2019 ഐ.പി.എല്ലിലെ കലാശക്കളിയിൽ മുംബയ് ഇന്ത്യൻസിനെ നേരിടാനുള്ള അവസരം തേടി ഇരുവരും മുഖാമുഖം വരുമ്പോൾ ആർക്കാവും വിജയം? ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരം ഉത്തരം നൽകുന്നത് ഈ ചോദ്യത്തിനാണ്.
ക്വാളിഫയറിലേക്ക് എത്തിയ വഴി
. പ്രാഥമിക റൗണ്ടിൽ 18 പോയിന്റ് നേടി രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യ ക്വാളിഫയറിൽ മുംബയ് ഇന്ത്യൻസിനോട് തോറ്റതോടെയാണ് രണ്ടാം ക്വാളിഫയറിൽ കളിക്കേണ്ടിവന്നത്.
. 18 പോയിന്റ് ഉണ്ടായിട്ടും റൺറേറ്റിൽ മൂന്നാം സ്ഥാനക്കാരായ ഡൽഹി എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയാണ് രണ്ടാം ക്വാളിഫയറിലും ഇടം പിടിച്ചത്.
എലിമിനേറ്ററിൽ സംഭവിച്ചത്
. ഡൽഹിക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ആദ്യ ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ 162/8 എന്ന സ്കോർ ഉയർത്തി.
. മറുപടിക്കിറങ്ങിയ ഡൽഹി ഒരു പന്ത് ശേഷിക്കേ രണ്ട് വിക്കറ്റ് വിജയം.
. 38 പന്തിൽ 56 റൺസ് നേടിയ പൃഥ്വിഷായും 21 പന്തിൽ 49 റൺസ് നേടിയ ഋഷഭ് പന്തുമാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്.
. റാഷിദ് ഖാൻ അവസാനഘട്ടത്തിൽ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദത്തിലാക്കിയെങ്കിലും ഋഷഭ് അഞ്ച് സിക്സുകളുമായി ടീമിനെ വിജയവാതിലിലെത്തിച്ചു.
ശക്തിയും ദൗർബല്യവും
1. ഋഷഭ് പന്ത്, പൃഥ്വി ഷാ, ശ്രേയസ് അയ്യർ എന്നീ യുവതാരങ്ങളുടെ മനക്കരുത്തും കൈക്കരുത്തുമാണ് ഡൽഹിയുടെ ശക്തി.
2. റിക്കി പോണ്ടിംഗ് , സൗരവ് ഗാംഗുലി, കൈഫ്, പ്രവീൺ ആംറെ തുടങ്ങിയ പരിചയ സമ്പന്നരുടെ സാന്നിദ്ധ്യം അണിയറയിൽ.
3. പേസർ കാഗിസോ റബദ നാട്ടിലേക്ക് മടങ്ങിയത് ഡൽഹിയുടെ ബൗളിംഗിനെ തളർത്തുന്നുണ്ട്
4. ധോണിയുടെ നേതൃശേഷിയാണ് ചെന്നൈയുടെ ബലം. എന്നാൽ അവസാന മത്സരങ്ങളിലെ തോൽവികൾ തിരിച്ചടിയാണ്.
5. സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന മികവ് കാട്ടാൻ ചെന്നൈ താരങ്ങൾക്ക് അവസാന ഘട്ടത്തിൽ കഴിയുന്നില്ല.
2-0
ഈ സീസണിലെ രണ്ട് മത്സരങ്ങളിലും ചെന്നൈ ഡൽഹിയെ തോൽപ്പിച്ചിരുന്നു. മാർച്ച 26ന് ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനും മേയ് 1ന് രണ്ടാംമത്സരത്തിൽ 80 റൺസിനും.
99
ഈ സീസണിൽ ഡൽഹി 100 റൺസ് തികയ്ക്കാതെ ആൾ ഔട്ടായത് ചെന്നൈയ്ക്കെതിരെ മാത്രം.
ടി.വി ലൈവ് രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ