കഴിഞ്ഞദിവസം ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിുുള്ള എലിമിനേറ്റർ മത്സരം വിസ്മയകരമായ രണ്ട് റൺ ഒൗട്ടുകൾക്കാണ് സാക്ഷ്യം വഹിച്ചത്. ഒന്നിൽ ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യർ റൺ ഒൗട്ട് അപ്പിൽ പിൻവലിക്കാൻ തയ്യാറായെങ്കിലും വിക്കറ്റ് കീപ്പർ -ഋഷഭ് പന്ത് നിർബന്ധി്ച് അപ്പീൽ നൽകി വിക്കറ്റ് നേടി. മറ്റൊന്നിൽ അമിത് മിശ്ര ഫീൽഡിംഗ് തടസപ്പെടുത്തുന്നതിന് ഐ.പി.എൽ എലിമിനേറ്ററിൽ പുറത്താകുന്ന ആദ്യ താരവുമായി.
ഹൂഡ റൺഒൗട്ട്
ഹൈദരാബാദ് ബാറ്റിംഗിലെ അവസാന ഒാവറിലെ അഞ്ചാംപന്തിൽ വീശിയിട്ടും ബാറ്റിൽ കൊള്ളതെ വന്നിട്ടും ദീപക് ഹൂഡ റണ്ണിനായി ഒാടി. ഒാട്ടത്തിനിടെ ബൗളർ കീമോ പോളുമായി ഹൂഡ കൂട്ടിയിടിച്ചു. ഇതിനിടെ കീപ്പർ ഋഷഭ് പന്തിന്റെ ത്രോ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപ് തെറിപ്പിച്ചു. അമ്പയർ ഒൗട്ട് വിളിച്ചെങ്കിലും ബാറ്റ്സ്മാനും ബൗളറുമായി കൂട്ടിയിടിച്ചതിന്റെ പേരിൽ അപ്പീൽ ചെയ്യാൻ ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യർ ആദ്യം തയ്യാറായില്ല. എന്നാൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് അത് ഒൗട്ട് തന്നെയെന്ന് തറപ്പിച്ചുനിന്നു. അപ്പീൽ ചെയ്യാൻ ശ്രേയസിനോട് -ഋഷഭ് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ശ്രേയസ് അപ്പീൽ ചെയ്തതോടെ അമ്പയർ ഹൂഡയോട് ക്രീസ് വിടാൻ ആവശ്യപ്പെട്ടു.
മിശ്ര ഒബ്സ്ട്രക്റ്റിംഗ് ഫീൽഡ്
ഡൽഹിയുടെ ബാറ്റിംഗിൽ ജയിക്കാൻ മൂന്ന് പന്തിൽ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ ബാറ്റിൽ കൊള്ളാതെ റൺസിനായി ഒാടിയിറങ്ങിയ അമിത് മിശ്ര റൺ ഒൗട്ട് ഒഴിവാക്കാൻ സ്റ്റംപിന് നേരെ ഒാടി. കീപ്പർ വൃദ്ധിമാൻ സാഹയുടെ ത്രോ പിടിച്ചെടുത്ത് സ്റ്റംപിലെറിയാൻ നോക്കിയ ബൗളർ ഖലീലിന് സ്റ്റംപ് കാണാൻ കഴിഞ്ഞില്ല. മിശ്ര റൺ പൂർത്തിയാക്കുകയും ചെയ്തു. ഇതിനെതിരെ ഹൈദരാബാദ് അപ്പീൽ ചെയ്തു. വീഡിയോദൃശ്യങ്ങൾ പരിശോധിച്ച മൂന്നാം അമ്പയർ മിശ്ര ഒാട്ടത്തിനിടെ അപൂർവം ഗതിമാറ്റിയെന്ന് കണ്ടെത്തി ഒബ്സ്ട്രക്റ്റിംഗ് ഫീൽഡ് ഒൗട്ട് വിളിച്ചു.
ഐ.പി.എല്ലിൽ ഇത്തരത്തിൽ ഒൗട്ടാകുന്ന രണ്ടാമത്തെ താരമാണ് മിശ്ര. 2013 ൽ പൂനെ വാരിയേഴ്സിനെതിരെ കൊൽക്കത്ത താരമായിരുന്ന യൂസഫൻ പഠാൻ ഇത്തരത്തിൽ ഒൗട്ടായിട്ടുണ്ട്. എന്നാൽ പ്ളേ ഒാഫിൽ ഒബ്സ്ട്രക്റ്റിംഗ് ഫീൽഡിന് ഒൗട്ടാകുന്ന ആദ്യ താരമാണ് അമിത് മിശ്ര.