ന്യൂഡൽഹി : സ്റ്റീഫൻ കോൺസ്റ്റന്റൈന് പകരം ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലകനാകാൻ മുൻ ക്രൊയേഷ്യൻ കോച്ച് ഇഗോർ. സ്റ്റിമാച്ചിന് നറുക്ക് വീണേക്കും. സ്റ്റിമാച്ചിന്റെ പേരാണ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
മുൻ ബംഗളുരു എഫ്.സി കോച്ച് ആൽബർട്ട് റോക്ക, സ്പീഡിഷ് കോച്ച് ഹക്കൻ എറിക്സൺ എന്നിവരും ഇന്ത്യൻ പരിശീലകനാകാനുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. 250 പേരാണ് കോച്ചാകാൻ അപേക്ഷ നൽകിയിരുന്നത്. ഇതിനെ 24 ആയും 12 ആയും ഷോർട്ട്ലിസ്റ്റ് ചെയ്തശേഷമാണ് നാലുപേരെ ഇന്റർവ്യൂവിന് ക്ഷണിച്ചത്.
2012 ജൂലായ് മുതൽ 2013 ഒക്ടോബർ വരെയാണ് സ്റ്റിമാച്ച് ക്രൊയേഷ്യൻ കോച്ചായരുന്നത്. തന്റെ കാലയളവിൽ അദ്ദേഹം ക്രൊയേഷ്യയ്ക്ക് 2014 ലോകകപ്പ് യോഗ്യതാ റൗണ്ട് പ്ളേ ഒാഫിൽ ഇടം നൽകി. ഇറാനിയൻ ക്ളബ് സെപാഹൻ, ഖത്തർ ക്ളബ് അൽഷഹാനിയ എന്നിവരുടെ പരിശീലനനായിരുന്ന ഇദ്ദേഹം 1990 നും 2002 നും ഇടയിൽ ക്രൊയേഷ്യയ്ക്ക് വേണ്ടി 53 മത്സരങ്ങൾ കളിച്ചിട്ടുള്ള മിഡ് ഫീൽഡറാ് 1998 ലോകകപ്പിലും കളിച്ചിട്ടുണ്ട്.