oo

തിരുവനന്തപുരം : പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പടെ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര അരുവിപ്പുറം ഷിംന നിവാസിൽ ആദർശ് (23 ), ആറ്റുകാൽ പുത്തൻകോട്ട വലിയവിളാകം മേലേതിൽ വീട്ടിൽ നവീൻ സുരേഷ് ( 25 ), വലിയതുറ കൊച്ചുതോപ്പ് സ്വദേശി മേരിപ്രിയ (42) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഗിൽബർട്ട് ലോറൻസിനെയും ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് :

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കണ്ണാന്തുറ പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് ഗിൽബർട്ടും ഭാര്യയും കൂടി ശംഖുംമുഖം ബീച്ചിലേക്ക് പോകുകയായിരുന്നു.

അർച്ചന ആശുപത്രിക്ക് മുന്നിൽ എത്തിയപ്പോൾ എതിരെ വന്ന പ്രതികളുടെ സ്‌കൂട്ടർ ഗിൽബർട്ടിന്റെ ശരീരത്തിൽ മുട്ടി. ഇത് ചോദ്യം ചെയ്ത ഗിൽബർട്ടിനെ ആദർശ് മർദ്ദിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ നവീൻ കത്തി കൊണ്ട് രണ്ടു തവണ നെഞ്ചിൽ കുത്തുകയുമായിരുന്നു. അപ്പോൾ ഇവർക്കൊപ്പം മേരിപ്രിയയും ഉണ്ടായിരുന്നു. തുടർന്ന് ഗിൽബർട്ടിനെ ചവിട്ടി വീഴ്‌ത്തിയ ശേഷം കടന്നുകളഞ്ഞു. രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റ ഗിൽബർട്ടിനെ ഭാര്യയും സമീപത്തെ ആശുപത്രി ജീവനക്കാരും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഗിൽബർട്ട് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അന്ന് ബോധം മറയും മുൻപ് ഗിൽബർട്ട് ഭാര്യയോട് പറഞ്ഞ 5635 എന്ന വണ്ടി നമ്പർ പിന്തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
പിടിയിലായ ആദർശിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ നവീൻ സുരേഷിനെയും മേരിപ്രീയയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി 25ലധികം കേസുകളിൽ പ്രതിയാണ് നവീനെന്ന് പൊലീസ് പറഞ്ഞു. ശംഖുംമുഖം അസി. കമ്മിഷണർ ആർ. ഇളങ്കോ, യുടെ നിർദ്ദേശപ്രകാരം വലിയതുറ സി.ഐ എ.കെ.ഷെറിയുടെ നേതൃത്വത്തിൽ എസ് .ഐ മാരായ ശ്യാംരാജ് ജെ.നായർ, അശോകൻ നായർ, എ.എസ്.ഐ മനോഹരൻ, സി.പി.ഒ മാരായ വിനോദ്, അജി, ബിനു, ജിത്ത് കുമാർ, സാബു , അനീഷ്, ടിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.