ആര്യനാട്: കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ- കാപ്പുകാട് റോഡ് ടാറ് ചെയ്തിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളു. ഇപ്പോൾ തന്നെ റോഡ് വീണ്ടും പൊളിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർത്തിന്റെ അവസാന ഘട്ടത്തിലാണ് റോഡ് താറ് ചെയ്ത്. കോട്ടൂർ കാവടിമൂല മുതൽ മുണ്ടണി വരെ 200 മീറ്റർ ദൂരം റോഡ് നവീകരണവും പൂർത്തിയായി. ഇപ്പോൾ റോഡിന്റെ പല സ്ഥലങ്ങളിലും ടാർ പൊട്ടിപ്പൊളിഞ്ഞ് കുഴി രൂപപ്പെടാൻ തുടങ്ങി. 15 ലക്ഷം ചെലവാക്കി റോഡ് നിർമ്മാണം കഴിഞ്ഞ് പെയ്ത വേനൽമഴയിൽ റോഡിന്റെ സൈഡുകളെല്ലാം ഒലിച്ചുപോയി. സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ തുക നഷ്ടപ്പെടാതിരിക്കാൻ മാർച്ച് അവസാനം ധൃതിപിടിച്ച് നിർമ്മാണം നടത്തിയതെന്നും പരാതിയുണ്ട്. റോഡ് നവീകരണം വേണമെന്ന ആവശ്യം ഉണ്ടായപ്പോൾ തന്നെ റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് റോഡ് ടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ല. ഇതാണ് റോഡ് തകരാൻ കാരണമെന്നും ആരോപണമുണ്ട്. കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്കുള്ള രണ്ട് കിലോമീറ്ററോളം വരുന്ന കാവടിമൂല- കാപ്പുകാട് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാൽ ആധുനിക രീതിയിൽ ബി.എംബി.സി. നിലവാരത്തിൽ നവീകരിക്കാനാകുമായിരുന്നു. അടുത്തുള്ള കോട്ടൂർ ചോനംപാറ റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് നവീകരിച്ചിട്ട് വർഷങ്ങളായി. എന്നാൽ പ്രദേശത്തെ രാഷ്ട്രീയ ചേരിപ്പോരാണ് റോഡ് കൈമാറാൻ തടസമായതെന്നും ആക്ഷേപമുണ്ട്. എന്നാൽ വനം വകുപ്പിന്റെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്കുള്ള റോഡിന്റെ നവീകരണത്തിൽ അപാകത ഉണ്ടായിരുന്നു.
റോഡ് നവീകരിച്ചത് 200 മീറ്റർ
നിർമ്മാണത്തിന് ചെലവാക്കിയത് 15 ലക്ഷം
പ്രതികരണം.
പ്രദേശവാസികൾ
റോഡിന്റെ പണി തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ അപാകത ചൂണ്ടിക്കാട്ടിയിരുന്നു.റോഡ് പണി സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം