police
സംഭവസ്ഥഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

കൊച്ചി: ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന്റെ ഐലന്റ് ഭാഗത്ത് പാലത്തിന് കീഴിലായി രക്തം തളം കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മനുഷ്യ രക്തമാണെന്ന് നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. വരിലടയാള വിദഗ്ധരടക്കം സ്ഥലത്ത് എത്തി പരിശോധ നടത്തി രക്തത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 6ന് തോപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ഒരാളുടെ ബൈക്ക് പാലത്തിനടിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

പാലത്തിന്റെ കാലുകൾ സ്ഥാപിച്ചിരിക്കുന്ന സ്പാനുകൾക്കടിയിലായി രക്തം വാർന്ന നിലയിലും ചുവരുകളിൽ രക്തം തേച്ച നിലയിലുമാണ്. ഇന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തും. കണ്ടെത്തിയത് മൃഗങ്ങളുടെ രക്തമാണോയെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. നിലവിൽ കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും തോപ്പുംപടി എസ്.ഐ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു.