crime

കൊ​ല്ലം​: മയ്യനാട് കൂ​ട്ടി​ക്ക​ട​ ​ജം​ഗ്ഷ​നി​ൽ എസ്.എഫ്.ഐ നേതാവിനെ കുത്തി പരിക്കേൽപ്പിച്ചത് കൊലക്കേസിലെ മുഖ്യ പ്രതിയുടെ നേതൃത്വത്തിൽ. ഒരു വർഷം മുമ്പ് താന്നി പാലത്തിൽ വച്ച് സുമേഷ് എന്ന ബി.ജെ.പി അനുഭാവിയെ ആളുമാറി അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി മിറാസാണ് ഇന്നലെ എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റി അംഗം മയ്യനാട് സ്വദേശി റോഷൻ റോയിയെ (17) വയറ്രിൽ കുത്തി പരിക്കേൽപ്പിച്ചത്.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ കൂട്ടിക്കട റെയിൽവേ ലെവൽ ക്രോസിലായിരുന്നു സംഭവം. സുഹൃത്തുമായി ബൈക്കിൽ വരികയായിരുന്നു റോഷൻ. ഈ സമയം സുഹൃത്ത് ഫൈസലുമായി കാറിൽ വരികയായിരുന്നു മിറാസ്. കാറിന് കടന്നുപോകാൻ വശം കൊടുത്തില്ലെന്ന് ആരോപിച്ച് നടന്ന തർക്കത്തിനൊടുവിലായിരുന്നു കത്തിക്കുത്ത്. ആഴത്തിൽ തറച്ച കത്തി മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ശേഷമാണ് ശരീരത്തിൽ നിന്ന് വേർപ്പെടുത്തിയത്. ഇന്നലെ വൈകിട്ടും രാത്രിയുമായി രണ്ട് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ റോഷൻ അപകട നില തരണം ചെയ്‌തെന്ന് ഡോക്‌ടർമാർ പറഞ്ഞു.


ബി.ജെ.പി പ്രവർത്തകനായിരുന്ന കൊല്ലം ബീച്ച് സ്വദേശി സുമേഷിനെ ഇരുമ്പ് ദണ്ഡുപയോഗിച്ച് നെഞ്ചത്തും മുതുകത്തും മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. മറ്റാരാളെ വക വരുത്താനുള്ള ക്വട്ടേഷൻ ഉറപ്പിച്ച് അർദ്ധരാത്രിയോടെ താന്നിപ്പാലത്തിൽ കാത്തുനിന്ന പ്രതികൾ ബൈക്കിൽ വന്ന സുമേഷിനെ അകാരണമായി ആക്രമിക്കുകയായിരുന്നു. ഈ കേസിൽ മിറാസ് ഉൾപ്പെടെ 12 പ്രതികളെ പൊലീസ് അറസ്‌റ്ര് ചെയ്‌തിരുന്നു. കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് വിചാരണ ആരംഭിക്കാറായ സുമേഷ് വധ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ഇന്നലത്തെ സംഭവം. മിറാസും ഫൈസലും സഞ്ചരിച്ച കാറിന്റെ നമ്പർ പൊലീസിന് ലഭിച്ചെന്നാണ് വിവരം. പ്രതികൾക്കുവേണ്ടി ഇരവിപുരം പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.