കൊച്ചി : പെരുമ്പാവൂരിൽ മദ്യപിച്ച് വീട്ടിൽ ബഹളം വച്ച പിതാവിനെ കഴുത്തിൽ പിടിച്ച് തള്ളിവീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ മകനെ കോടതി റിമാൻഡ് ചെയ്തു. കൂവപ്പടി എടവൂർ കാരിക്കാട്ടിൽ വേലായുധൻ (72) ആണ് മരിച്ചത്. സംഭവത്തിൽ വേലായുധന്റെ ഇളയ മകൻ ഗോപി (32)യാണ് അഴിക്കുള്ളിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് ഒന്നരയ്ക്കാണ് സംഭവം. രാത്രിയിൽ മദ്യപിച്ചെത്തിയ വേലായുധൻ വീട്ടിൽ ബഹളം വച്ചപ്പോൾ ഗോപി ഇയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് പിന്നോട്ട് തള്ളി. ഇതിന്റെ ശക്തിയിൽ ഭിത്തിയിൽ തലയിടിച്ച് വീണ പിതാവ് തൽക്ഷണം മരിക്കുകയായിരുന്നു. പിന്നീട് കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. പൊലീസ് സർജൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂർ ഡി.വൈ.എസ് പി.ഹരിദാസിന്റെ നിർദ്ദേശാനുസരണം സിഐ.അജേഷ് കുമാറിന്റെ നേതൃത്വത്തിൽ, എസ്‌ഐ. ജോസഫ്, എ.എസ്.ഐ.മാരായ ശിവ പ്രസാദ്, പി.എൻ.പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.