ബ്രസീലിയ: സൗകര്യങ്ങൾ കൂട്ടുന്നത് മനുഷ്യനെ അലസനായും. ആഹാരം കഴിക്കുന്നതുപോലും എളുപ്പമാക്കാനുള്ള വിദ്യ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അവൻ. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയെ കുറിച്ച് ചർച്ച പൊടിപൊടിക്കുകയാണ്.
സെറ്റിയിൽ കിടന്നുകൊണ്ട് മൊബൈൽ ഉപയോഗിക്കുന്ന സ്ത്രീയുടെ ദൃശ്യമാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. തൊട്ടടുത്ത് ഒരു ടേബിൾ ഫാൻ ഉണ്ടെങ്കിലും അതിലേക്ക് ശ്രദ്ധ പോകില്ല. പക്ഷേ, അല്പം കഴിയുമ്പോൾ ആ ഫാൻ കറങ്ങി യുവതിയുടെ നേരെയാവും. അപ്പോഴാണ് ശരിക്കും കണ്ണുതള്ളുന്നത്. ഫാനിൽ ഒരു വലിയ സ്പൂൺ കെട്ടിവച്ചിരിക്കുന്നു. ഇതിൽ നിറയെ എന്തോ ആഹാരം നിറച്ചിട്ടുണ്ട്.
സ്പൂൺ മുഖത്തിനു നേരെ വരുമ്പോൾ യുവതി വാ തുറന്ന് ഇതിൽ നിന്ന് ആവശ്യമുള്ളത് കഴിക്കും. അല്പസമയം കഴിയുമ്പോൾ ഫാൻ തിരിച്ചുകറങ്ങും. ഫാൻ വീണ്ടുമെത്തുന്ന സമയത്തിനുള്ളിൽ ആഹാരം വയറ്റിലെത്തും. എങ്ങനെയുണ്ട് ഐഡിയ?
ബ്രസീലിലെ സാന്താകദാഗിനെ എന്ന സ്ഥലത്തെ ഒരു സ്ത്രീയുടേതാണ് ഈ കണ്ടുപിടിത്തം. പ്രശ്നമില്ലാതെ മൊബൈൽ ഉപയോഗിക്കാനും ശരീരമനങ്ങാതിരിക്കാനും ഇതിനപ്പുറമുള്ള വഴികൾ ഉടൻ പ്രതീക്ഷിക്കാമെന്നാണ് ഭൂരിപക്ഷവും പറയുന്നത്. ഇത് കുതിച്ചു ചാട്ടമല്ല, അപചയത്തിന്റെ തുടക്കമാണെന്നും അവർ പറയുന്നു.
എന്തായാലും വീഡിയോ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ആയിരങ്ങളാണ് ഇതിനകം വീഡിയോ കണ്ടത്.