ജക്കാർത്ത: പ്രിയപ്പെട്ടവർ ആരെങ്കിലും മരിച്ചാൽ സ്ത്രീകൾ കൈവിരലിന്റെ പകുതി മുറിച്ചുമാറ്റും. ഇൻഡോനേഷ്യയിലെ പ്രാചീന ഗോത്ര വിഭാഗത്തിന്റേതാണ് ഈ ക്രൂരമായ ആചാരം. കൊച്ചുകുട്ടികളുടെ പോലും വിരലുകൾ മുറിച്ചുമാറ്റും.
മരിച്ചവരുടെ ആത്മാവ് ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിൽ കയറിക്കൂടുന്നത് ഒഴിവാക്കാനാണത്രേ ഇത്. ഏറ്റവും അടുപ്പമുള്ളവരോ ഉറ്റ ബന്ധുക്കളോ ആയ ആരെങ്കിലും മരിച്ചാൽ മരണാനന്തര കർമ്മങ്ങൾ കഴിഞ്ഞാലുടൻ വിരൽ മുറിക്കും. കല്ലുകൊണ്ടുണ്ടാക്കിയ മൂർച്ചയേറിയ ബ്ളേഡുകളാണ് ഇതിനുപയോഗിക്കുന്നത്. വിരൽ മുറിക്കാൻ അധികാരമുള്ളവർ പച്ചയ്ക്ക് മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്. ഇതിന്റെ കൊടിയ വേദനമൂലം മരിച്ചവരുടെ ആത്മാവ് പേടിച്ച് സ്ഥലംവിടും എന്നാണ് വിശ്വാസം. വിരൽ മുറിക്കാൻ അനുവദിച്ചില്ലെങ്കിൽ ബലം പ്രയോഗിച്ച് നടപ്പാക്കും. ഇങ്ങനെ ചെയ്തില്ലെങ്കിൽ ആത്മാവിന്റെ ശല്യം കുടുംബാംഗങ്ങളുടെ സ്വസ്ഥത കെടുത്തുമെന്നാണ് ഗോത്ര വർഗക്കാർ കരുതുന്നത്.
ഒരു തവണ മാത്രമല്ല, വിരൽ മുറിക്കുന്നത്. അടുപ്പക്കാർ ഓരോരുത്തർ മരിക്കുമ്പോഴും ഈ ആചാരം നടപ്പാക്കും. ഗോത്രത്തിലെ മധ്യവയസ്സിനോടടുത്ത സ്ത്രീകളിൽ ഒട്ടുമുക്കാലിനും പകുതി വിരലുകളേ ഉള്ളൂ. കുട്ടികളോട് ചെയ്യുന്നതാണ് കൊടും ക്രൂരത. അമ്മയ്ക്കാണ് വിരൽ മുറിക്കാനുള്ള ചുമതല. കത്തി ഉപയോഗിക്കില്ല. പകരം കടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പൊള്ളലേൽപ്പിച്ചാണ് രക്തസ്രാവം നിറുത്തുന്നത്. മുറിവിന്റെ തൊട്ടുതാഴെ അമർത്തി കെട്ടിയും രക്തമൊഴുക്ക് നിറുത്തും കുറച്ചു വർഷങ്ങൾക്കു മുമ്പ് ഈ ക്രൂരതയെ സർക്കാർ നിരോധിച്ചെങ്കിലും ഇപ്പോഴും ചിലയിടങ്ങളിൽ നടത്തപ്പെടുന്നുണ്ട്.