ബീജിംഗ് : കഴുത്തുവേദനയും നടുവേദനയുംമൂലം ബുദ്ധിമുട്ടുകയാണോ? എങ്കിൽ ഊഞ്ഞാലാടിക്കോളൂ. സാധാരണപോലുള്ള ഊഞ്ഞാലാട്ടമല്ല, കഴുത്തുകൊണ്ടുള്ള സ്പെഷ്യൽ ഊഞ്ഞാലാട്ടം. ചരടിലോ ചങ്ങലയിലോ ഉണ്ടാക്കിയ ഊഞ്ഞാലിൽ കഴുത്ത് തൂക്കിയശേഷം നിശ്ചിത വേഗത്തിൽ ആടണം. ദിവസം കുറഞ്ഞത് അരമണിക്കൂർ ഇങ്ങനെ ചെയ്താൽ നടുവേദനയും കഴുത്ത് വേദനയും പമ്പകടക്കുമെന്നാണ് ചൈനക്കാരുടെ കണ്ടുപിടിത്തം. വളരെ വേഗമാണ് ഇതിന് പ്രചാരം ലഭിക്കുന്നത്.
അമ്പതു കഴിഞ്ഞവരാണ് ഇതിന്റെ ആരാധകർ. പതിവ് വ്യായാമത്തിനു ശേഷമാണ് ഊഞ്ഞാലാട്ടം. ഇങ്ങനെ ചെയ്യുന്നതിലൂടെ കഴുത്തിലെയും മുതുകിലെയും മാംസപേശിക്കും എല്ലുകൾക്കും അനക്കമുണ്ടാവുകയും അങ്ങനെ വേദന പമ്പകടക്കുകയും ചെയ്യും എന്നാണ് വിശ്വാസം.
മൈതാനങ്ങളിലും പാർക്കുകളിലും സ്പെഷ്യൽ ഊഞ്ഞാലാട്ടത്തിനു വേണ്ടിയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പണക്കാർ വീടുകളിലും സൗകര്യം ചെയ്തിട്ടുണ്ട്. ഊഞ്ഞാലാട്ടംമൂലം പ്രശ്നങ്ങളെല്ലാം മാറി എന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നവർ നിരവധിയാണ്.
എന്നാൽ, സ്പെഷ്യൽ ഊഞ്ഞാലാട്ടം മൂലം ഒരു നേട്ടവുമുണ്ടാകുന്നില്ലെന്നും മറിച്ച് പ്രശ്നങ്ങളെ ഉണ്ടാവൂ എന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഊഞ്ഞാലാട്ടം പതിവാക്കിയവർക്ക് സമീപ ഭാവിയിൽ തന്നെ ദുഃഖിക്കേണ്ടിവരുമെന്നും അതിനാൽ ഇതിൽ നിന്ന് പിന്മാറണമെന്നുമാണ് അവരുടെ അഭ്യർത്ഥന. പക്ഷേ, ആരും ഇത് ചെവികൊള്ളുന്നില്ല എന്നു മാത്രം.