ആ​റ്റിങ്ങൽ: ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ഏറെ തിരക്കുള്ള ഗുരുവായൂർ സൂപ്പർഫാസ്​റ്റ് കഴിഞ്ഞ ഞായറാഴ്ച മുതൽ നിറുത്തലാക്കി. ആ​റ്റിങ്ങൽ മേഖലയിലുളളവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ പോകാനുളള സൗകര്യത്തിനായി ആരംഭിച്ച സർവീസാണ് കെ.എസ്.ആർ.ടി.സി നിറുത്തലാക്കിയത്. ഇതോടെ ആ​റ്റിങ്ങലിൽ നിന്നുണ്ടായിരുന്ന ഒരേയൊരു സൂപ്പർഫാസ്​റ്റ് സർവീസും ഇല്ലാതായി.ഗുരുവായൂരിൽ പോകാൻ ഈ ബസിനെ ആശ്രയിക്കുന്ന ധാരാളം യാത്രക്കാരുണ്ടായിരുന്നു. സർവീസ് നിറുത്തി ബസ് നെടുമങ്ങാട് ഡിപ്പോയ്ക്ക് കൈമാറാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ഞായറാഴ്ച തന്നെ ബസ് നെടുമങ്ങാട് ഡിപ്പോയ്ക്ക് കൈമാറി. ഈ സർവീസ് തുടർന്നും ഉണ്ടാകുമോ എന്നതുസംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഇത് കൂടാതെ ഡിപ്പോയിലെ ഫാസ്​റ്റ് പാസഞ്ചർ ബസുകളിൽ 11 എണ്ണം ഇവിടെ നിലനിറുത്തിയശേഷം ബാക്കി ബസുകൾ തിരുവനന്തപുരം ഡിപ്പോയ്ക്ക് കൈമാറാൻ ഒരാഴ്ച മുമ്പ് നിർദ്ദേശം വന്നിരുന്നു. ആ​റ്റിങ്ങലിലേയ്ക്കുളള അവസാന ട്രിപ്പിൽ പല ബസുകളിലും യാത്രക്കാരുടെ എണ്ണം കുറവാണ്. ഇതുനിമിത്തമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ വേണ്ടിയാണ് ബസുകൾ തിരുവനന്തപുരം ഡിപ്പോയ്ക്ക് കൈമാറാൻ നിർദ്ദേശം വന്നത്. എന്നാൽ പിന്നീട് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പഴയ നില തുടരാൻ നിർദ്ദേശമുണ്ടായി. ഇതിനു ശേഷമാണ് സൂപ്പർഫാസ്​റ്റ് സർവീസ് നിറുത്തലാക്കിക്കൊണ്ടുളള അറിയിപ്പ് വന്നത്.

സൂപ്പർഫാസ്​റ്റും ദീർഘദൂര ഫാസ്​റ്റ് പാസഞ്ചർ സർവീസുകളും നിറുത്തലാക്കുന്നത് ആ​റ്റിങ്ങൽ ഡിപ്പോയെ തകർക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.

 ഷെഡ്യൂൾ

എല്ലാദിവസവും വൈകിട്ട് 3.15ന് ആ​റ്റിങ്ങലിൽ നിന്ന് ഗുരുവായൂരിലേയ്ക്ക് പുറപ്പെടും

പുലർച്ചെ 5ന് ഗുരുവായൂരിൽ നിന്ന് ആ​റ്റിങ്ങലേയ്ക്കും സർവ്വീസ് നടത്തും

ആറ്റിങ്ങൽ ഡിപ്പോ

ഫാസ്റ്റ് പാസഞ്ചറുകൾ: 26

 സൂപ്പർഫാസ്​റ്റ് സർവീസ്: 1

ഫാസ്​റ്റ് പാസഞ്ചർ ബസുകളിൽ ഒന്ന് കോട്ടയം - തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്.

 മ​റ്റൊരു സർവീസ് കരുനാഗപ്പള്ളി - തിരുവനന്തപുരം

ബാക്കിയെല്ലാം തിരുവനന്തപുരം - കൊല്ലം റൂട്ടിലാണ് സർവീസ് നടത്തുന്നത്.

ആ​റ്റിങ്ങൽ ഡിപ്പോയുടെ വരുമാനത്തിന്റെ നല്ലൊരുശതമാനം ഫാസ്​റ്റ് പാസഞ്ചർ സർവീസുകളുടേതാണ്.

വർഷങ്ങൾക്കുമുമ്പ് ആ​റ്റിങ്ങലിൽ നിന്ന് തെങ്കാശിയിലേയ്ക്ക് ഫാസ്​റ്റ് പാസഞ്ചർ സർവീസുണ്ടായിരുന്നു.

യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്ന ഇതും കാരണംകൂടാതെ കെ.എസ്.ആർ.ടി.സി നിറുത്തി.