ശബ്ദ സന്ദേശം പ്രചരിപ്പിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചു
തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ ചട്ടവിരുദ്ധമായി ശേഖരിച്ച് വോട്ട് ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ഒതുക്കുന്നതായി ആക്ഷേപം ഉയരുന്നു. ബാലറ്റുകൾ നൽകണമെന്ന സന്ദേശം പ്രചരിപ്പിച്ച ശ്രീപദ്മനാഭ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. വാട്സ് ആപ്പ് അധികൃതർ പൊലീസിന് വിവരങ്ങൾ നൽകാറില്ലാത്തതിനാൽ മനഃപൂർവം ഈ തെളിവ് നശിപ്പിച്ചതായാണ് നിഗമനം.
എല്ലാ ജില്ലകളിലും പൊലീസ് സൊസൈറ്റികളും സംഘടനകളും വഴി ഭീഷണിപ്പെടുത്തി പൊലീസുകാരിൽ നിന്ന് പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ വെറും 600 അംഗങ്ങളുള്ള തൃശൂർ ഇന്ത്യാ റിസർവ് ബറ്റാലിയനിൽ
മാത്രമായി അന്വേഷണം പരിമിതപ്പെടുത്താനാണ് നീക്കം. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി സുദർശനനാണ് അന്വേഷണ ചുമതല. പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ആരോപണവിധേയമായ കേസിൽ അസോസിയേഷൻ അംഗമായ ഡിവൈ.എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതും വിവാദമായിട്ടുണ്ട്.
പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നാണ് വിവരം. എല്ലാ വകുപ്പുകളുടെയും ബാലറ്റുകൾക്കിടയിൽ നിന്ന് പൊലീസിന്റെ മാത്രം ബാലറ്റുകൾ കണ്ടെടുക്കുക ശ്രമകരമാണ്. ബാലറ്റുകൾക്ക് അപേക്ഷിച്ച നിരവധി പൊലീസുകാർ ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. ഇവർ 20ന് ശേഷമേ തിരിച്ചെത്തൂ. വോട്ടെണ്ണലിന് 12 ദിവസം മാത്രം ശേഷിച്ചിരിക്കെ, പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കി പുതിയവ നൽകിയുള്ള വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനും പ്രയാസകരമാണ്.
പോസ്റ്റൽ വോട്ട് ചെയ്തവരുടെ മൊഴിയെടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കാനാവില്ല. മേയ് 15നകം റിപ്പോർട്ട് നൽകാനാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദ്ദേശം. അന്വേഷണം ആരംഭിച്ചതായി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
അസോസിയേഷൻ നേതാവിന്റെ ആവശ്യപ്രകാരം പോസ്റ്റൽബാലറ്റ് ശേഖരിക്കുന്നതായി ശബ്‌ദസന്ദേശം അയച്ച ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ കമാൻഡോ വൈശാഖിനെതിരെ കേസെടുക്കുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐ.ആർ ബറ്റാലിയനിലെ പൊലീസുകാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെ അന്വേഷണമുണ്ട്.