ആ​റ്റിങ്ങൽ: ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട് പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. തിരഞ്ഞെടുപ്പിനെ തുടർന്ന് പദ്ധതിപ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടുത്തദിവസം നടക്കും. ഇതിന് ശേഷം പുറമ്പോക്ക് ഒഴിപ്പിക്കലും നിർമ്മാണവും തുടങ്ങാനാണ് നീക്കം. ആ​റ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകണമെങ്കിൽ നഗര മദ്ധ്യത്തെ നാലുവരിപ്പാതയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം. സ്വകാര്യ ഏജൻസി പദ്ധതിയുടെ പുതിയ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ചാൽ നിർമ്മാണക്കരാറിലേക്ക് കടക്കാനാകും. ഇതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പൂവമ്പാറ മുതൽ മൂന്നുമുക്കുവരെ ദേശീയപാതയുടെ ഇരുവശവുമുളള പുറമ്പോക്ക് ഭൂമി പൂർണമായി ഏ​റ്റെടുത്തും വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഏ​റ്റെടുത്തുമാണ് റോഡ് വികസിപ്പിക്കുക. പദ്ധതിക്കായി സ്വകാര്യവ്യക്തികളിൽ നിന്ന് ഭൂമിയേ​റ്റെടുക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടില്ല. ബി. സത്യൻ എം.എൽ.എയുടെ ഇടപെടലുകളെ തുടർന്നാണ് പദ്ധതിക്കായി സർക്കാർ തുക വകയിരുത്തിയത്. കഴിഞ്ഞ ബഡ്ജ​റ്റിൽ ഈ പദ്ധതി സർക്കാർ പദ്ധതിയാണെന്ന പ്രഖ്യാപനവുമുണ്ടായിരുന്നു. ഈ തുക ഉപയോഗിച്ചാണ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. 20 മീറ്ററിൽ റോഡ് വികസിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഭൂമിയുള്ള സ്ഥലങ്ങളിൽ പരമാവധി വികസനവും അല്ലാത്തിടങ്ങളിൽ 16 മീ​റ്ററും എന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.

തടസങ്ങൾ നീങ്ങിയെന്ന്
-------------------------------------------------
​​​പുറമ്പോക്ക് ഏ​റ്റെടുക്കുന്നതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവരുടെ വാദംകൂടി കേട്ട് നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി പുറമ്പോക്ക് ഏ​റ്റെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളെല്ലാം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. പുറമ്പോക്ക് കൈവശം വച്ചിട്ടുള്ള ഓരോ വ്യക്തിക്കും പുറമ്പോക്ക് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഭൂമി ഏ​റ്റെടുക്കുന്നതിന് ഇനി തടസങ്ങളില്ലെന്നും അധികൃതർ പറഞ്ഞു.

പദ്ധതിക്കായി അനുവദിച്ചത്
-----------------------------------------

​​​ റോഡ് നിർമ്മാണത്തിന് 22.75 കോടി രൂപ (2015ൽ)​
സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു

 പൊളിക്കുന്ന മതിലുകൾ പുനർ നിർമ്മിക്കുന്നതിന്
2.02 കോടി രൂപ (2017)​ അനുവദിച്ചു

റോഡിന്റെ പരമാവധി വീതി - 20 മീ​റ്റർ