നേമം: താലൂക്കിൽ ഉടനീളം അനധികൃത അറവ് ശാലകൾ തലപൊക്കിയതോടെ സർക്കാരിന്റെ അറവുശാലകൾ നോക്കുകുത്തികളായി നിൽക്കുകയാണ്. ആഘോഷങ്ങൾക്കെല്ലാം മാംസാഹാരം പ്രധാന ഘടകമായതോടെയാണ് അനധികൃത അറവുകേന്ദ്രങ്ങളും തലപൊക്കാൻ തുടങ്ങിയത്. താലൂക്കിൽ മാത്രം രണ്ടായിരത്തിലേറെ തൊഴിലാളികളാണ് അറവുശാലകളിൽ പണിയെടുക്കുന്നത്. വഴിയരികിൽ പ്രവർത്തിക്കുന്ന ഇത്തരം അറവുശാലകളിൽ രക്തം ഇറ്രുന്ന മാംസങ്ങൾ പ്രതർശിപ്പിച്ചാണ് വില്പന നടത്തുന്നത്. പല സ്ഥലങ്ങളിലും വഴിയരികിലും തുറസായ സ്ഥലങ്ങളിലും അറവ് മൃഗങ്ങളെ കശാപ്പുചെയ്യുന്നുണ്ടെന്നുമാണ് നാട്ടുകാരുടെ പരാതി. ഇതിൽ നാൽപ്പത് ശതമാനത്തോളം അറവ് മാടുകളും അസുഖം ബാധിച്ചതെന്നുമാണ് സൂചന. ഇതരസംസ്ഥാനങ്ങളിൽ നിന്നും ലോറികളിൽ അതിർത്തി കടന്നെത്തുന്ന ഇവ കൃത്യമായ പരിശേധന പോലും നടത്താറില്ലെന്നും പരാതിയുണ്ട്. ചെക്ക് പോസ്റ്റുകളിൽ മുൻകാലങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മാടുകളെ പരിശോധിച്ച് ചാപ്പകുത്തുന്നത് പതിവായിരുന്നു. എന്നാൽ ഇന്ന് അത്തരം പരിശേധനകളിൽ അയവുവന്നതായും പറയുന്നു. രാത്രികാലങ്ങളിൽ അതിർത്തി തേടിയാണ് മിക്ക വാഹനങ്ങളും അറവുമാടുകളുമായി എത്തുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും കൃത്യമായ പരിശേധന നടത്താൻ കഴിയാറുമില്ല.
ഇത്തരം അറവുകേന്ദ്രങ്ങളിൽ നിന്നും ഉള്ള മാലിന്യം ഇരുചക്രവാഹനങ്ങളിലും ഓട്ടോകളിലും പിക് അപ്പ് വാനുകളിലും കയറ്റി റോഡിന്റെ വശങ്ങളിലും ജല ശ്രോതസുകളിലും നിക്ഷേപിക്കുന്നത് പതിവാണ്. ഇവ ജീർണിച്ച് സമീപത്തെ ജനങ്ങൾക്ക് രോഗഭീഷണി ഉയർത്തുന്നു. കവറുകളിൽ കെട്ടി നിക്ഷേപിക്കുന്ന മാലിന്യം കാരണം തെരുവ് നായ ശല്യ ഭീഷണിയിലും പരിസ്ഥിതി മലിനീകരണ ഭീഷണിയിലുമാണ് ഇവിടുത്തെ ജനങ്ങൾ കഴിയുന്നത്. അറവ് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ശാശ്വത പരിഹാനം കാണമെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ ആവശ്യം.
അനധികൃത അറവുശാലകളിൽ നിന്നും വിതരണത്തിനായി കൊണ്ടു പോകുന്ന മാംസം പലപ്പോഴും അനാരോഗ്യകരമായ സാഹചര്യത്തിലാണ് ആവശ്യക്കാർക്കിടയിൽ എത്തിച്ചേരുന്നത്. പിക്കപ്പ് ഒാട്ടോകളിൽ മാംസം വേണ്ടവിധത്തിൽ മൂടിവയ്ക്കാതെ ഈച്ചയും കാക്കയും ഭക്ഷിക്കുന്ന തരത്തിൽ ബാലാരാമപുരം-കരമന ദേശീയപാതയിലൂടെ കൊണ്ട് പോകുന്ന കാഴ്ച നമുക്ക് ദിവസവും കാണാൻ കഴിയും. ഇത്തരത്തിൽ അനധികൃത അറവുശാലകളിൽ നിന്നും നാം വാങ്ങി കഴിക്കുന്ന മാംസത്തിലൂടെ മാരക രോഗങ്ങൾ നാം ക്ഷേണിച്ചു വരുത്തുന്നു എന്ന കാര്യത്തിൽ ഒട്ടും തന്നെ സംശയമില്ല.