കുട്ടികൾക്ക് നല്ല പാഠങ്ങൾ പഠിപ്പിച്ചുകൊടുക്കേണ്ടവർ തന്നെ കള്ളവും ചതിയും കാട്ടാനൊരുങ്ങിയാൽ എന്താകും സ്ഥിതി. കോഴിക്കോട് നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരാണ് സ്വന്തം സ്കൂളിലെ കുട്ടികളുടെ മുമ്പിൽ മാത്രമല്ല മൊത്തം കേരളീയരുടെ മുമ്പിൽ മായ്ചാലും മായാത്ത നാണക്കേടിന്റെ വിഴുപ്പുഭാണ്ഡവും തലയിലേറ്റി ഇളിഭ്യരായി നിൽക്കുന്നത്. സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കായി പരീക്ഷ എഴുതിയത് പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകനാണത്രെ. ഇതിനുവേണ്ട ഒത്താശ ചെയ്തു കൊടുക്കാൻ സ്കൂൾപ്രിൻസിപ്പലും പരീക്ഷാ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമൊക്കെ ഉണ്ടായിരുന്നു. കുട്ടികൾ മറ്റുള്ളവർക്കൊപ്പം പരീക്ഷാഹാളിലിരിക്കുമ്പോഴാണ് ഗുരു സ്കൂളിലെ ഒാഫീസ് മുറിയിൽ പ്രസ്തുത വിദ്യാർത്ഥികൾക്കായി പരീക്ഷയെഴുതി ഉത്തരക്കടലാസുകൾ മറ്റുള്ളവരുടേതിനൊപ്പം ചേർത്തുവച്ചതത്രെ. ഇതുകൊണ്ടും തീർന്നില്ല. കമ്പ്യൂട്ടർ പരീക്ഷ എഴുതിയ 32 കുട്ടികളുടെ ഉത്തരക്കടലാസുകളിൽ കുട്ടികളെ സഹായിക്കും
വിധത്തിലുള്ള തിരുത്തലുകളും വരുത്തിയത്രെ. മൂല്യനിർണയ ക്യാമ്പിൽ അദ്ധ്യാപകൻ പൂർണമായും എഴുതിയ ഉത്തരക്കടലാസുകളിലെ കള്ളത്തരം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്. ക്രമക്കേട് കാണിച്ച അദ്ധ്യാപകനെയും അതിന് കൂട്ടുനിന്ന പ്രിൻസിപ്പലിനെയും പരീക്ഷാജോലിക്ക് നിയോഗിച്ചിരുന്ന അദ്ധ്യാപകനെയും സസ്പെൻഡ് ചെയ്ത് കൂടുതൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ നടന്ന ആൾമാറാട്ടവും കള്ളവോട്ടും സംബന്ധിച്ച വിവാദങ്ങൾ അരങ്ങ് തകർക്കുന്നതിനിടയിലാണ് തന്റെ രണ്ട് അരുമ ശിഷ്യന്മാർക്കുവേണ്ടി പരീക്ഷ എഴുതിയ അദ്ധ്യാപക ശ്രേഷ്ഠന്മാരെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. എന്ത് പ്രത്യുപകാരത്തിന്റെ പേരിലാണ് അദ്ധ്യാപകർ ഇൗ നെറികെട്ട ദൗത്യം ഏറ്റെടുത്തതെന്ന് അറിവായിട്ടില്ല. തെളിവെടുപ്പിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെങ്കിലും പ്രിൻസിപ്പലും ഡെപ്യൂട്ടിചീഫും മാത്രമാണ് ഹാജരായത്. കുട്ടികൾക്കുവേണ്ടി പരീക്ഷ എഴുതിയ വിരുതൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഏതായാലും ആൾമാറാട്ടത്തിനുൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ട അദ്ധ്യാപകർക്കെതിരെ കേസെടുക്കാൻ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. പ്രാഥമിക നടപടി എന്ന നിലയിലാണ് സസ്പെൻഷൻ. കേസും കൂട്ടവുമൊക്കെ കഴിയുമ്പോൾ അവസാനഫലം എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല. സഹജീവി സ്നേഹം മറ്റെന്തിനെക്കാളും പ്രബലമായതിനാൽ ഇത്തരം സംഭവങ്ങൾ അചിരേണ ഒന്നുമൊന്നുമല്ലാതെ ആരും അറിയാതെ തേഞ്ഞുമാഞ്ഞുപോവുകയാണ് പതിവ്. അദ്ധ്യാപക ലോകത്തിനുതന്നെ തീരാക്കളങ്കമാകുന്ന ഇൗ സംഭവം പക്ഷേ അങ്ങനെയങ്ങ് എഴുതിത്തള്ളാനാവാത്തവിധം പൊതുസമൂഹം ജാഗരൂകരാകണം.
കാരണം, അത്രയധികം അധാർമ്മികമായ ഒരു പ്രവൃത്തിക്കാണ് നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർ തുനിഞ്ഞത്. അദ്ധ്യാപകരായി തുടർന്നും കുട്ടികളെ പഠിപ്പിക്കാനുള്ള അവകാശം സ്വയം പണയംവച്ചവരാണവർ. നീലേശ്വരത്തെന്നല്ല സംസ്ഥാനത്ത് ഒരു സ്കൂളിലും ജോലി നോക്കാൻ അവരെ അനുവദിക്കാതിരിക്കുന്നതാണ് അഭികാമ്യം. കള്ളവും കപടവുമില്ലാതെ അർപ്പണ ബോധത്തോടെ പഠിച്ചു പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് കുട്ടികളോടുള്ള സർക്കാരിന്റെ ബാദ്ധ്യത കൂടിയാണത്. ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയും തെളിമയും പണ്ടേപ്പടി ഇല്ലെങ്കിലും കുട്ടികളെ അധർമ്മത്തിന്റെ പാതയിലൂടെ നേരിട്ട് നടത്തിക്കൊണ്ടു പോകുന്നതിൽ ഒരു തെറ്റും കാണാത്ത അദ്ധ്യാപകരെ പരിപൂർണമായും തള്ളിപ്പറയാൻ അദ്ധ്യാപക സമൂഹവും മുന്നോട്ടു വരേണ്ടതുണ്ട്.
പരീക്ഷാസമ്പ്രദായം ആരംഭിച്ച കാലംതൊട്ടേ പലവിധത്തിലുള്ള പരീക്ഷാക്രമക്കേടുകളും ഉടലെടുത്തിരുന്നതായി കാണാം. കോപ്പിയടിയും കുറിപ്പുകൾ രഹസ്യമായി കൊണ്ടുവന്ന് കണ്ടെഴുത്തും മറ്റുമാണ് ഏറ്റവും വലിയ ക്രമക്കേടായി പരിഗണിക്കപ്പെട്ടിരുന്നത്. കാലം പുരോഗമിച്ചതോടെ കോപ്പിയടിക്കും നൂതന മാർഗങ്ങൾ അവലംബിച്ചുതുടങ്ങി. ശാസ്ത്ര-സാങ്കേതിക മേഖലകളിലുണ്ടായ പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ പരീക്ഷകളിൽ കൃത്രിമങ്ങൾ കാണിക്കാനൊരുങ്ങുന്നവർക്കും തുണയായി. കാലിത്തീറ്റ കുംഭകോണത്തിൽ കുപ്രസിദ്ധി നേടിയ ബീഹാറിൽ പരീക്ഷാഹാളിൽ കൂട്ടകോപ്പിയടിക്ക് കുട്ടികൾക്ക് തുണയായി നിരനിരയായി നിന്നിരുന്നത് രക്ഷാകർത്താക്കളും സുഹൃത്തുക്കളുമൊക്കെയായിരുന്നു. ഒടുവിൽ സുരക്ഷാസേനയെ നിയോഗിച്ചാണ് അവിടെ പരീക്ഷകളിലെ ക്രമക്കേടുകൾക്ക് തടയിട്ടത്. ഏതായാലും നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നതുപോലുള്ള ആൾമാറാട്ട പരീക്ഷയെഴുത്ത് അത്യസാധാരണം തന്നെയാണ്.
സ്കൂൾ വിജയശതമാനം ഉയർത്തുക എന്ന സ്വാർത്ഥ താത്പര്യം നേടാൻ, മുൻപ് ഒന്നാംനിരയിൽപ്പെടുന്ന സ്വകാര്യ സ്കൂളുകളിലെ പരീക്ഷാഹാളിൽ ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന ഏർപ്പാടുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോൾ എഴുതുന്ന എല്ലാവരും ജയിക്കുന്ന പരീക്ഷാ സമ്പ്രദായം വന്നതോടെ കോപ്പിയടി പോലുള്ള വഴിവിട്ട മാർഗങ്ങൾ ആവശ്യമില്ലാതായിട്ടുണ്ട്. രണ്ട് കുട്ടികൾക്കുവേണ്ടി നീലേശ്വരം സ്കൂളിൽ നടന്ന ആൾമാറാട്ട പരീക്ഷ ഭാവിയിൽ മറ്റു സ്കൂളുകളിലേക്ക് വ്യാപിക്കാതിരുന്നാൽ മതി. അതുറപ്പാക്കുന്നതിന് ഗുരുതരമായ ഇൗ തെറ്റുചെയ്ത അദ്ധ്യാപകർ കർശനമായി ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത്