എത്ര കണ്ടാലും മതിവരാത്ത എത്ര നല്ലൊരു പ്രപഞ്ചത്തെയാണു ഈശ്വരൻ നമ്മുടെ ആവാസത്തിനായി ഒരുക്കിത്തന്നിരിക്കുന്നത്. വർണങ്ങളുടെ പോക്കുവരവുകൾ കൊണ്ട് അലംകൃതമാകുന്ന വാനവും നീരും നീരാവിയും ഇണചേർന്നു വരുന്ന മഴയും, ഭൂമിയെ പുണരാൻ വെമ്പുന്ന തിരമാലകളും പുരികക്കൊടിപോലെ വളഞ്ഞൊഴുകുന്ന പുഴകളും, കണ്ണിനും കാതിനും ഇമ്പം പകരുന്ന കാനനങ്ങളും, അണു മുതൽ ആന വരെയുള്ള ജീവിവർഗങ്ങളും, തേൻകുടങ്ങളുമായി ശലഭങ്ങളെ വരവേല്ക്കുന്ന പൂക്കളും, ഓർമ്മകളെ തഴുകിയുണർത്തുന്ന ഇളംതെന്നലുകളും, കാഴ്ചയുടെ നാഥനായി എഴുന്നള്ളുന്ന ആദിത്യനും ഒക്കെച്ചേർന്നു മനുഷ്യന് ഒരു മഹാസ്വർഗം പണിയാൻ വേണ്ടതെല്ലാം എത്ര കരുതലോടെയാണു ഇണക്കിവച്ചിരിക്കുന്നത്. ഈശ്വരന്റെ ഈ കരുതലിനെ കൈവിടാതെ അനുഭവിക്കാൻ കിട്ടിയ ഭാഗ്യം മാത്രം ഒന്നോർത്താൽത്തന്നെ നാമെല്ലാം വിനീതരായിപ്പോകും. ഈശ്വരൻ തന്റെ വിഭവങ്ങൾ യാതൊന്നും തന്നെ ആർക്കുവേണ്ടിയും സംവരണം ചെയ്തു മാറ്റിവച്ചിട്ടില്ല. എല്ലാം എല്ലാവർക്കും. അതാണു ഈശ്വരൻ പഠിപ്പിക്കുന്ന ഒന്നാമത്തെ പാഠം. ഒരുവനു അവന്റെ ജീവിതോദ്ധാരണത്തിനു എത്ര വേണമോ അത്രയുമേ എടുക്കാവൂ എന്നതാണതിന്റെ സാരം. അതിലധികമെടുത്താൽ അത് മറ്റൊരുവനു അവകാശപ്പെട്ടതിനുമേലുള്ള കൈകടത്തലാവും.
ഈശ്വരന്റെ ഈ നിശ്ചയം പറഞ്ഞുതരുന്നതിനാണ് ഈശാവാസ്യോപനിഷത്തിലെ ആദ്യമന്ത്രം തന്നെ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നത്.
ഈശാവാസ്യമിദംസർവം
യത്കിഞ്ച ജഗത്യാംഃ ജഗത്
യേന ത്യക്തേന ഭുഞ്ജീഥാ
മാ ഗൃധഃ കസ്യസ്വിധനം?
ഈ ജഗത്തായി പരിലസിക്കുന്നത് എന്തെല്ലാമാണോ അവയിലെല്ലാം ഉള്ളതായി നിറഞ്ഞിരിക്കുന്നത് ഈശ്വരസ്വരൂപത്തിന്റെ സൂക്ഷ്മാംശങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയെയെല്ലാം പരിപാലിക്കേണ്ടതും അനുഭവിക്കേണ്ടതും ത്യാഗബുദ്ധിയോടുകൂടിയാവണം. അതായത് യാതൊന്നും തന്റേതാണെന്നു കരുതാതെയും യാതൊന്നിലും ഉടമസ്ഥാവകാശം സ്ഥാപിക്കാതെയും മമതാരഹിതനായി ഈ ജഗത്തിനെ അനുഭവിക്കുകയാണ് വേണ്ടതെന്നർത്ഥം. അതിനാൽ ആരുടേതുമല്ലാത്തതായിരിക്കുന്ന ഈ സമ്പത്ത് ആരുടേതെങ്കിലുമാണെന്നു കരുതി അതിൽ ആഗ്രഹം പോലും വച്ചു പുലർത്തരുതെന്നാണ് ഈ ഉപനിഷദ് പദ്യം നമ്മെ ഓർമ്മിപ്പിക്കുന്നത്.
ലൗകികജീവിതത്തിന്റെ ഗതീയതയ്ക്ക് ഉപനിഷദ് പരിചയം ആവശ്യമില്ലെന്നു കരുതുന്ന ആധുനികസമൂഹമാണ് ഇന്നത്തേത്. സമ്പത്തുണ്ടായാൽ ജീവിതത്തിന്റെ സുരക്ഷിതത്വത്തിനു അടിസ്ഥാനമായി എന്നാണ് അവരുടെ പൊതു വിചാരം. അതിനാൽ ഏതുവിധേനയും സമ്പത്തുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടി പ്രപഞ്ചവസ്തുക്കളെ തന്റേതെന്നു കരുതി യഥേഷ്ടം വ്യവഹരിക്കുകയാണ്. തന്റേതല്ലാത്തവയിലെല്ലാം ആഗ്രഹംവച്ചു അത് തന്റേതാക്കിത്തീർക്കാൻ യത്നിക്കുകയാണ്. ഇങ്ങനെ ഈശ്വരൻ തീർത്ത പ്രപഞ്ചത്തിൽ അതനുഭവിക്കുവാനും പാലിക്കാനുമായി ജന്മംകൊണ്ട മനുഷ്യൻ താൻ യാതൊന്നുമില്ലാത്തവനായിട്ടാണ് കടന്നുവന്നതെന്ന സത്യം വിസ്മരിച്ചുകൊണ്ടാണു എന്തിന്റെയെല്ലാമോ ഉടമയായിത്തീരാൻ ഈ ആയുസിനെ വിനിയോഗിക്കുന്നത്. ജീവിതത്തിന്റെ നേരും നീരും നേരായി അറിയാത്തതാണിതിനു കാരണം.
ഒരാൾ ഒരു ജീവിതത്തിനുടമയാകുന്നത് ഒരു ശരീരത്തിനുടമയാകുമ്പോഴാണ്. എന്നാൽ ഒരു ശരീരത്തെയുണ്ടാക്കുന്ന അവയവങ്ങളുടെ രൂപപ്പെടലുകളിലും അവയുടെ സംയോജനപ്പെടലിലും അവയെ ജീവാവസ്ഥയിൽ നിലനിറുത്തുന്ന പഞ്ചപ്രാണങ്ങളിലും യാതൊരു ഉടമസ്ഥതയുമില്ലാതിരിക്കുന്ന ഒരുവനു പിന്നെ എങ്ങനെയാണു ഈ ശരീരം എന്റേതാണെന്നു ഉറപ്പിക്കാനാവുക? അപ്പോൾ ഈ ജീവശരീരത്തിന്റെ പോലും ഉടമസ്ഥത ഒരുവനില്ലെന്നിരിക്കൽ ഈ ശരീരസ്ഥനായിരുന്നുകൊണ്ട് അവനു എപ്രകാരമാണു തന്റേതല്ലാത്ത ഈ പ്രപഞ്ചവസ്തുക്കളിന്മേൽ തന്റേതെന്ന ഉടമസ്ഥത ചാർത്താനാവുന്നത്?
സത്യം ഇതാണെന്നിരിക്കെ വ്യർത്ഥമായ ഉടമസ്ഥതക്കു വേണ്ടിയുള്ള പോരാട്ടങ്ങളും ആഗ്രഹങ്ങളുമാണ് ലോകത്തെയും ജീവിതത്തെയും എക്കാലവും വിഭജിച്ചു കൊണ്ടിരിക്കുന്നതെന്നറിയാൻ കേവലം ചരിത്രവിജ്ഞാനം മാത്രം മതി.
അതുകൊണ്ട് എല്ലാ ഉടമസ്ഥതകളും ഇല്ലാതാകുന്ന ഒരു ദിനം നമുക്കായി ഈശ്വരൻ കരുതി വച്ചിട്ടുണ്ടെന്ന് എപ്പോഴും ഓർക്കണം. അങ്ങനെയൊരു സ്മരണയുണ്ടായാൽ ത്യാഗമുദിക്കും. ആ ത്യാഗഭാവത്തോടെ വേണം ലോകത്തെ അനുഭവിക്കേണ്ടതും ജീവിതം നയിക്കേണ്ടതും. അപ്പോഴാണു യഥാർത്ഥമായ ജീവിതാനന്ദം അനുഭവിക്കാനാവുക. അതിനു ആദ്യം 'ചരിക്കമുക്തനായി' ത്തീരണമെന്നു ഗുരുദേവ തൃപ്പാദങ്ങൾ ഉപദേശിക്കുന്നു. എന്നു പറഞ്ഞാൽ യാതൊന്നിലും ആശവയ്ക്കാതെയും യാതൊന്നും തന്റേതാണെന്നു ധരിക്കാതെയും ലോകരക്ഷാർത്ഥം സേവനനിരതനായിരിക്കണമെന്നർത്ഥം. ഈ ഈശ്വരതത്ത്വം ലോകത്തെ അറിയിക്കുന്നതിനാണു ഈശാവാസ്യോപനിഷത്ത് മലയാളഭാഷയിലേക്കു വിവർത്തനം ചെയ്തു തൃപ്പാദങ്ങൾ നമുക്കു തന്നിട്ടുള്ളത്. ഈയൊരറ്റ ഉപനിഷത്ത് മാത്രമേ ഗുരുദേവൻ മലയാളത്തിലാക്കിയിട്ടുള്ളൂ എന്നതുതന്നെ അതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ്.
ഈ ലോകജീവിതത്തിന്റെ അടിസ്ഥാനതത്ത്വമായി വിളങ്ങേണ്ട അതിലെ ആദ്യപദ്യത്തിനു ഗുരുദേവൻ നല്കിയിരിക്കുന്ന മലയാളഭാഷ്യം നോക്കുക.
ഈശൻ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാരുടെയും ധനം.
ഈ അക്ഷരവിളക്കു കൊളുത്തി നമ്മുടെ ജീവിതത്തിലാകെ വെളിച്ചം വിതറുന്നതായാൽ ശോകവും മോഹവുമില്ലാത്ത ഒരു ശുദ്ധജീവിതം നമുക്ക് യാഥാർത്ഥ്യമാക്കാനാവുമെന്നത് തീർച്ചതന്നെ.