വർഷങ്ങളുടെ, കാത്തിരിപ്പിനൊടുവിൽ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച് അസിയബീവി സ്വതന്ത്രയായി. പാകിസ്ഥാന്റെ നിയമ ചരിത്രത്തിൽ ആദ്യമായാണ് മതനിന്ദാ കുറ്റത്തിന് ഒരു വനിത വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്. ശിക്ഷിക്കപ്പെട്ട് എട്ടുവർഷത്തിലേറെയായി പാകിസ്ഥാനിലെ തടവറയിലായിരുന്നു അവർ. 2018 ഒക്ടോബറിൽ മതനിന്ദാ കുറ്റത്തിൽ നിന്ന് അസിയാബീവിയെ കുറ്റവിമുക്തയാക്കിക്കൊണ്ടു പുറപ്പെടുവിച്ച വിധി, പാകിസ്ഥാൻ സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ നിർണായകമായ വിധികളിലൊന്നായിരുന്നു. എന്നാൽ ഈ വിധി നടപ്പിലാക്കാൻ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവിടുത്തെ മതതീവ്രവാദികൾ പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ ഇട്ടാൻവാലി എന്ന ഗ്രാമനിവാസിയാണ് അസിയാബീവി. ഗ്രാമത്തിലെ ഏക ക്രിസ്ത്യൻ കുടുംബമായിരുന്നു ഇവരുടെത്. അസിയയും അവരുടെ ഭർത്താവ് ആഷിക് മസിയും തൊഴിലാളികളാണ്. 2009 ജൂണിൽ ജോലി ചെയ്യുന്നതിനിടയിൽ ദാഹമകറ്റാൻ പണിസ്ഥലത്തെ കിണറ്റിൽ നിന്നും ഇവർ വെള്ളം കുടിച്ചത് ഇഷ്ടപ്പെടാതിരുന്ന ചില യാഥാസ്ഥിതിക മുസ്ലീം തൊഴിലാളികൾ മറ്റുള്ളവർ കുടിക്കുന്ന ഗ്ലാസിൽ നിന്ന് ക്രിസ്തുമതവിശ്വാസിയായ അസിയ കുടിച്ചത് അനിസ്ലാമികമാണെന്ന് പറഞ്ഞ് അവരെ ശകാരിച്ചു. സഹികെട്ട അസിയാ ബീവി, തന്നെ ശകാരിച്ചവർക്ക് അതേ നാണയത്തിൽ മറുപടി കൊടുത്തപ്പോൾ യാഥാസ്ഥിതികർക്ക് പിടിച്ചു നിൽക്കാനായില്ല. കുബുദ്ധികളായ അവരിൽ ചിലർ അസിയാബീവി പ്രവാചകനെ അവഹേളിയ്ക്കുകയും മതനിന്ദ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് അവരെ മർദ്ദിക്കുകയും പൊലീസിനെ ഉപയോഗിച്ചു മതനിന്ദ നടത്തിയ കുറ്റത്തിന് കേസെടുപ്പിച്ച് അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു. ഇതിന് മുൻകൈയെടുത്തത് അസിയാ ബീവിയുടെ കുടുംബവുമായി വഴക്കിലായിരുന്ന അവരുടെ അയൽവാസിയായിരുന്ന മുസറത് എന്ന വ്യക്തിയായിരുന്നു.
വ്യക്തിവിരോധം കൊണ്ടാണ് തന്നെ കേസിൽ കുടുക്കിയതെന്നും മതനിന്ദ നടത്തുന്ന യാതൊരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും അസിയ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും, മതതീവ്രവാദികളുടെ സ്വാധീനത്തിൽപ്പെട്ട ജഡ്ജി, അവരെ കുറ്റവാളിയായി പ്രഖ്യാപിച്ച് തൂക്കികൊല്ലാൻ വിധിക്കുകയായിരുന്നു. ഈ വിധിക്കെതിരെ അസിയയുടെ ഭർത്താവ് ലാഹോർ ഹൈക്കോടതിൽ അപ്പീൽ നൽകിയെങ്കിലും, വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ജഡ്ജിമാരെപ്പോലും ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ കഴിവുളളവരാണ് പാകിസ്ഥാനിലെ മതതീവ്രവാദികൾ.
രണ്ട് ക്രിസ്തുമത വിശ്വാസികൾക്കെതിരെ മതനിന്ദയ്ക്ക് എടുത്ത കേസ്, ലാഹോർ ഹൈക്കോടതിയിൽ 1997-ൽ അപ്പീലായി എത്തിയപ്പോൾ, കേസുകൾ അടിസ്ഥാനരഹിതവും നിയമവിരുദ്ധമാണെന്ന് വിധിച്ച ജഡ്ജി ആരിഫ് ഇക്ബാൽ ബാട്ടിയെ മതതീവ്രവാദികൾ വെടിവെച്ചു കൊന്നു. അസിയബീവി നൽകിയ ദയാഹർജി ശുപാർശ ചെയ്ത് പഞ്ചാബ് പ്രവിശ്യാ ഗവർണറായിരുന്ന സൽമാൻ തസീറും അവർക്ക് ധാർമിക പിന്തുണ നൽകിയ പാകിസ്ഥാനിലെ ന്യൂനപക്ഷവകുപ്പു മന്ത്രിയും നവാസ് ഷെരീഫ് മന്ത്രിസഭയിലെ ഏക ക്രിസ്ത്യൻ മന്ത്രിയുമായിരുന്ന ഷബാസ് ബാട്ടിയും തീവ്രവാദികളുടെ വെടിയുണ്ടയ്ക്കു മുന്നിൽ ജീവൻ ബലിയർപ്പിച്ചു.
അസിയാ ബീവിയെ കുറ്റവിമുക്തയാക്കാനുള്ള സുപ്രീംകോടതി വിധി വന്നതു മുതൽ തെഹരീക് -ഇ- ലബൈക് പാകിസ്ഥാൻ (ടി.എൽ.പി.) എന്ന മുസ്ലീം രാഷ്ട്രീയപ്പാർട്ടി രാജ്യത്ത് അക്രമാസക്തമായ പ്രക്ഷോഭങ്ങൾ നടത്തി.അവരുടെ പ്രധാന ആവശ്യം അസിയാ ബീവിയെ രാജ്യം വിടാൻ അനുവദിയ്ക്കരുതെന്നും അവരെ തൂക്കിലേറ്റണമെന്നതുമായിരുന്നു. അവർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സെയ്ഫ്-ഉൾ-മലൂക് എന്ന അഭിഭാഷകനെയും വധിയ്ക്കുമെന്ന് പ്രക്ഷോഭകാരികൾ ഭീഷണിപ്പെടുത്തി. അക്രമാസക്തമായ പ്രക്ഷോഭം നടത്തിയ തെഹരിക്-ഇ-ലബൈക്കിന്റെ നേതാക്കളുമായി ചർച്ച നടത്തിയ പാകിസ്ഥാൻ സർക്കാർ, സൂപ്രീംകോടതി വിധി ഉടനെ നടപ്പാക്കില്ലെന്നും, പ്രക്ഷോഭകാരികൾക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിയ്ക്കാമെന്നും സമ്മതിച്ചു. മാത്രമല്ല, സുപ്രീം കോടതി വിധിക്കെതിരെ മതമൗലികവാദികൾക്ക് വേണ്ടി ഫയൽ ചെയ്ത പുന:പരിശോധനാ ഹർജിയിൽ തീരുമാനമെടുക്കുന്നതുവരെ അവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ നിറുത്തിവയ്ക്കാമെന്നും സർക്കാർ പ്രക്ഷോഭകാരികൾക്ക് ഉറപ്പു നൽകി.
2019 ജനവരി 29-ന് പുന:പരിശോധനാ ഹർജി പരിഗണിച്ച സുപ്രീംകോടതി, അസിയയെ കുറ്റവിമുക്തയാക്കാനുള്ള വിധി സ്ഥിരീകരിച്ചു. മതതീവ്രവാദികൾ ഉടൻ തന്നെ സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. എന്നാൽ അസിയയെ വീണ്ടും തടങ്കലിൽ പാർപ്പിക്കാനുള്ള അടവാണിതെന്നാണ് മനുഷ്യാവകാശ സംഘടനകൾ സംശയിച്ചത്. സുപ്രീംകോടതി വിധി ഉടൻ നടപ്പിലാക്കണമെന്നും, അസിയാ ബീവിയെ എത്രയും വേഗം മോചിപ്പിയ്ക്കണമെന്നും മനുഷ്യാവകാശ സംഘടനകളും, ബ്രീട്ടീഷ്-പാകിസ്ഥാൻ ക്രിസ്ത്യൻ അസോസിയേഷനും ആവശ്യപ്പെട്ടെങ്കിലും അല്പം കൂടി കാത്തിരിക്കാനാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചത്.
പാകിസ്ഥാൻ പട്ടാള മേധാവികളുമായി ചർച്ച നടത്തിയ ഇമ്രാൻ ഖാൻ, ഒടുവിൽ അസിയാബീവിയെ മോചിപ്പിക്കാനും അതുവഴി സുപ്രീംകോടതി വിധി നടപ്പിലാക്കാനും തീരുമാനിച്ചു. അങ്ങിനെയാണ് മേയ് എട്ടാം തീയതി അസിയാ ബീവി കാനഡയിൽ എത്തിച്ചേർന്നതും കുടുംബാംഗങ്ങളോടൊപ്പം ഒത്തു ചേരുകയും ചെയ്തത്.
ലേഖകന്റെ ഫോൺ : 9847173177