തിരുവനന്തപുരം : കമുകറ ഫൗണ്ടേഷന്റെ 23-ാമത് കമുകറ സ്മാരക സംഗീതപുരസ്കാരത്തിന് പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ അർഹയായി. 30,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ചെയർമാനും പ്രൊഫ. ഡോ. ദീപ്തി ഓംചേരി ഭല്ല, രവി മേനോൻ, പ്രൊഫ. ഡോ. ശ്രീരേഖ ശിവൻ എന്നിവർ അംഗങ്ങളുമായ ജഡ്‌ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
കമുകറ പുരുഷോത്തമന്റെ ചരമദിനമായ 25ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന അവാർഡ് സമർപ്പണ ചടങ്ങ് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായിക പി. സുശീല അവാർഡ് ദാനം നിർവഹിക്കും. പ്രൊഫ. ഡോ. കെ. ഓമനക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കമുകറയുടെയും സുജാതയുടെയും ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയുമുണ്ടായിരിക്കും.