meena

 ക്രിമിനൽ കേസിന് മീണയുടെ നിർദ്ദേശം

 പോളിംഗ് ഉദ്യോഗസ്ഥരും കുടുങ്ങും

തിരുവനന്തപുരം: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 10 പേർ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ഒരാളും തളിപ്പറമ്പ് മണ്ഡലത്തിൽ 9 പേരും കള്ളവോട്ടു ചെയ്തതായി ജില്ലാ കളക്ടർ തെളിവു സഹിതം കണ്ടെത്തിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

ഇതോടെ കള്ളവോട്ട് കേസിൽ സംസ്ഥാനത്ത് കുടുങ്ങിയവരുടെ എണ്ണം 17 ആയി. ഇതിൽ 13 പേർ മുസ്ളിംലീഗ് പ്രവർത്തകരും നാലു പേർ സി.പി.എമ്മുകാരുമാണ്.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിൽ 9 പേരും ധർമ്മടത്ത് പുന്നിരിക്ക വെങ്കോട് യു.പി.എസിലെ 52-ാം ബൂത്തിൽ ഒരാളുമാണ് കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചത്. പാമ്പുരുത്തിയിൽ അബ്ദുൾ സലാം, മർഷദ്, ഉനിയാസ് .കെ.പി എന്നിവർ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൾ സലാം, സാദിഖ് .കെ.പി, ഷമൽ, മുബഷിർ എന്നിവർ ഓരോ തവണയും ധർമ്മടത്ത് സയൂജ് എന്നയാളും കള്ളവോട്ട് ചെയ്തെന്നാണ് ജില്ലാ കളക്ടറുടെ സ്ഥിരീകരണം.

കളക്ടർ നടത്തിയ തെളിവെടുപ്പിൽ ധർമ്മടത്ത് ഒന്നും പാമ്പുരുത്തിയിൽ പന്ത്രണ്ടും കള്ളവോട്ട് നടന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തു പേരെ തെളിവെടുപ്പിന് വിളിച്ചെങ്കിലും ഒൻപത് പേർ മാത്രമാണ് ഹാജരായത്. ഇവരിൽ ആറുപേർ കുറ്റംസമ്മതിച്ചെങ്കിലും മാപ്പ് നൽകണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ അത് നിരസിച്ചാണ് കേസെടുക്കാൻ ഉത്തരവിട്ടത്. മൂന്ന് പേർ കുറ്റം നിഷേധിച്ചു. ഇവർക്കെതിരെയും തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കും. കേസെടുക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തിയാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും ഇടപെടുമെന്ന് മീണ പറഞ്ഞു.

പാമ്പുരുത്തിയിൽ ഗൾഫിലുള്ളവരുടെ വോട്ടുകളാണ് ചെയ്തത്. പോളിംഗ് ഏജന്റുമാർ പ്രതിഷേധിച്ചെങ്കിലും പ്രിസൈഡിംഗ് ഒാഫീസർ അടക്കം നടപടിയെടുക്കാൻ വിസമ്മതിച്ചു. ഇതെല്ലാം വീഡിയോ ഫുട്ടേജിലൂടെയാണ് കളക്ടർ സ്ഥിരീകരിച്ചത്. പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ എന്നിവരുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചു. ജനപ്രാതിനിദ്ധ്യ നിയമം സെക്‌ഷൻ 134 അനുസരിച്ച് ഇവർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരെ അവരുടെ വകുപ്പുകൾ അച്ചടക്ക നടപടിയെടുക്കാനും ശുപാർശ ചെയ്യും.

ബൂത്ത് നമ്പർ 47ലെ വോട്ടറായ സയൂജ് 52ൽ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാൾ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടും. ഇവിടത്തെ ഉദ്യോഗസ്ഥർ, പോളിംഗ് ഏജന്റുമാർ എന്നിവരുടെ പങ്കും അന്വേഷിക്കും.

ഗൾഫിൽ ജോലിചെയ്യുന്ന 28 പേരിൽ പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്തതായി ഇടതുമുന്നണി സ്ഥാനാർത്ഥി പി.കെ. ശ്രീമതിയുടെ പോളിംഗ് ഏജന്റ് മുഹമ്മദ് കുഞ്ഞി, വി.കെ. ഷഫീക് എന്നിവരും മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി കെ. സുധാകരനുമാണ് പരാതി നൽകിയത്. ധർമ്മടത്ത് കള്ളവോട്ട് നടന്നതായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരന്റെ ഏജന്റ് കെ. സുരേന്ദ്രനാണ് പരാതിപ്പെട്ടത്.