തിരുവനന്തപുരം: തപാൽ വോട്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും വോട്ട് റദ്ദാക്കാനുള്ള സാദ്ധ്യത വിരളമാണെന്ന് സൂചന നൽകി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തപാൽ വോട്ട് റദ്ദാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് 63538 തപാൽ വോട്ടാണുള്ളത്. ഇതിൽ ഇന്നലെ വരെ കിട്ടിയത് 7924 വോട്ടുകൾ മാത്രം. ബാക്കി വന്നുകൊണ്ടിരിക്കുകയാണ്. 23ന് രാവിലെ 8 വരെ തപാൽ വോട്ടുകൾ വരണാധികാരികൾക്ക് സ്വീകരിക്കാം. ഇതുവരെ തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ തപാൽ വോട്ടുകൾ ലഭിച്ചത്- 1048. കുറവ് ചാലക്കുടിയിൽ- 24.
തപാൽ വോട്ടുകളെല്ലാം പൊലീസിന്റേതല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത മറ്റ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വോട്ടുകളുമുണ്ട്.
ഇതെല്ലാം റദ്ദാക്കുക ഒട്ടേറെ നടപടികളുള്ള പ്രക്രിയയാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. പൊലീസ് അസോസിയേഷന്റെ ഇടപെടലിലൂടെ ക്രമക്കേട് നടന്നെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നത്. എന്നാൽ അത് വസ്തുനിഷ്ഠമായി തെളിയിക്കേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയും വേണം. ഇത് ഉറപ്പാക്കും. 15ന് വിശദമായ റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചിട്ടുണ്ട്. അത് ലഭിച്ചതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.
തപാൽ വോട്ടുകൾ വീട്ടുമേൽവിലാസത്തിലോ, ഒൗദ്യോഗിക മേൽവിലാസത്തിലോ മാത്രമാണ് നൽകേണ്ടത്. ആ വ്യവസ്ഥയാണ് പൊലീസുകാരുടെ കാര്യത്തിൽ തെറ്റിച്ചത്. ഇതിന് ഉത്തരവാദിയായ ജില്ലാ നോഡൽ ഒാഫീസർ മുതലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
പാർട്ടി ഇടപെട്ടിട്ടില്ല: കോടിയേരി
തിരുവനന്തപുരം: തപാൽ വോട്ടുകൾ സമാഹരിക്കാനോ, അതിലിടപെടാനോ പാർട്ടിയോ ഇടതുമുന്നണിയോ എന്തെങ്കിലും നിർദ്ദേശം ആർക്കെങ്കിലും നൽകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നേരത്തേ പാർട്ടി ഒാഫീസുകളിലും സംഘടനാംഗങ്ങൾ കൂട്ടായും തപാൽ വോട്ടുകൾ സമാഹരിച്ച് വരണാധികാരിക്ക് നേരിട്ട് എത്തിച്ച് നൽകുന്ന സംവിധാനം ഉണ്ടായിരുന്നു. നിലവിൽ അത്തരം സംവിധാനങ്ങളില്ല.