ഉമ്മൻചാണ്ടിയുടേത് പൊയ് വെടിയെന്ന് കോടിയേരി
തിരുവനന്തപുരം: പത്ത് ലക്ഷം യു.ഡി.എഫ് വോട്ടുകൾ വെട്ടിയെന്ന ഉമ്മൻചാണ്ടിയുടെ ആക്ഷേപം അതിശയോക്തിയാണെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. വോട്ട് നഷ്ടപ്പെട്ടതായി പരാതികളുയർന്നിട്ടുണ്ട്. എന്നാൽ ഇത്രവ്യാപകമായി വന്നിട്ടില്ല. തെളിവ് സഹിതം പരാതികൾ ഉന്നയിച്ചാൽ പരിശോധിക്കും. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നില്ല.
ഒരുവർഷം നീണ്ട പ്രക്രിയയിലാണ് വോട്ട് ചേർത്തതും ശുദ്ധീകരിച്ചതും. മൂന്ന് തവണ വിവിധ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ച് വിശദമായി ചർച്ച ചെയ്തു. വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ കാലതാമസമുണ്ടായിട്ടില്ല. 11 ലക്ഷം പേരെ ഇത്തവണ പുതുതായി വോട്ടർപട്ടികയിൽ ചേർത്തു. കാര്യങ്ങളെല്ലാം നടന്ന ശേഷം ആരോപണങ്ങളുമായി വരുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു
അതേസമയം ഉമ്മൻചാണ്ടി പൊയ് വെടി പറഞ്ഞ് കൈയടിവാങ്ങാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യു.ഡി.എഫ് വോട്ടുകൾ മാത്രമല്ല ഇടതുമുന്നണിയുടെ വോട്ടുകളും വെട്ടിപ്പോയിട്ടുണ്ട്. അത് പരിഹരിക്കാൻ ചിലയിടങ്ങളിലെങ്കിലും പാർട്ടി സംവിധാനത്തിന് കഴിഞ്ഞില്ല. കൗണ്ടിംഗ് കഴിഞ്ഞാൽ തോൽക്കുമെന്ന് ഉറപ്പായതിനാൽ മുൻകൂർ ജാമ്യമെടുക്കാനാണ് ഉമ്മൻചാണ്ടിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.