തിരുവനന്തപുരം: സിറ്റി ഷാഡോ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന അന്വേഷണത്തിൽ 325 കിലോ കഞ്ചാവുമായി ആന്ധ്രപ്രദേശ് സ്വദേശി പിടിയിൽ. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിശാഖപട്ടണം കെ.ഡി പേട്ട ഗുണ്ണമാമിഡി പട്ടകെഡപേട്ട പല്ലാവരു സ്വദേശി ശ്രീനു എന്നു വിളിക്കുന്ന ശ്രീനിവാസ് (21) ആണ് പിടിയിലായത്. പ്രതിയെ ഇന്നലെ നഗരത്തിലെത്തിച്ച് പൂന്തുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. 21 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവിന് വിപണിയിൽ 4.07 കോടി രൂപ വില വരും.
മാസങ്ങൾക്ക് മുൻപ് 136 കലോ കഞ്ചാവുമായി മൂന്ന് മലയാളികളെയും 10 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിയെയും നഗരത്തിൽ നിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രപ്രദേശിലെ നർസി പട്ടണം, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നതെന്ന് കണ്ടെത്തിയ ഷാഡോ പൊലീസ് സംഘം ഈസ്റ്റ് ഗോദാവരിയിലെത്തുകയായിരുന്നു. ദിവസങ്ങളോളം അവിടെ തങ്ങിയാണ് അന്വേഷണം നടത്തിയത്. ഉൾനാടൻ ഗ്രാമത്തിൽ ആവശ്യക്കാരെന്ന വ്യാജേന എത്തി കഞ്ചാവ് മാഫിയ സംഘവുമായി കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് കഞ്ചാവ് കൈമാറിയപ്പോഴാണ് ഒരാളെ പിടികൂടിയത്. സിറ്റി ഷാഡോ പൊലീസ് അടുത്ത കാലങ്ങളിലായി പിടികൂടിയ മൊത്തക്കച്ചവടക്കാരിലേറെയും കഞ്ചാവ് എത്തിക്കുന്നത് ആന്ധ്രപ്രദേശിലെ ഇത്തരം നക്‌സൽ ബാധിത മേഖലകളിൽ നിന്നാണ്. ഈ വിവരത്തിന്റെ അടിസ്ഥാത്തിലായിരുന്നു അന്വേഷണം ആന്ധ്രയിലേക്ക് വ്യാപിപ്പിച്ചത് . നഗരത്തിൽ കഞ്ചാവിന്റെ ഉപഭോഗം തടയുന്നതിനായി സിറ്റി പൊലീസ് നടത്തുന്ന നടപടികൾ തുടരുമെന്ന് കമ്മീഷണർ കെ.സഞ്ജയ്കുമാർ ഗുരുദിൻ അറിയിച്ചു.സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡി.സി.പി ആർ.ആദിത്യ, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ്കുമാർ, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ സന്തോഷ്‌കുമാർ, പൂന്തുറ എസ്.എച്ച്.ഒ സാബു എൻ.ജി, ഷാഡോ എസ്.ഐ സുനിൽലാൽ, ഷാഡോ എ.എസ്.ഐമാരായ ഗോപകുമാർ, അരുൺകുമാർ, യശോധരൻ, ഷാഡോ ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.