kodiyeri-balakrishnan

തിരുവനന്തപുരം:കള്ളവോട്ടിന് പാർട്ടി പിന്തുണയില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.ആൾമാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ്. അങ്ങിനെ ചെയ്യുന്നവർ നിയമനടപടിയും നേരിടണം. അത്തരക്കാരെ സംരക്ഷിക്കുകയുമില്ല.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മിഷൻ ശരിയായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനത്തിൽ തെറ്റില്ലെന്ന് കോടിയേരി പറഞ്ഞു. എന്നാൽ സി.പി.എം ടിക്കാറാം മീണയെ വിമർശിച്ചത് അദ്ദേഹം പരിധിവിട്ട് പ്രവർത്തിച്ചതിനാലാണ്. അദ്ദേഹം അത് തിരിച്ചറിയുകയും തിരുത്താൻ തയ്യാറായിട്ടുമുണ്ടെന്നാണ് പാർട്ടി മനസിലാക്കുന്നത്. കള്ളവോട്ട് കേസിൽ ഉൾപ്പെട്ട പഞ്ചായത്തംഗത്തെ അയോഗ്യരാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വാദിച്ചതാണ് പ്രശ്നമായത്. അയോഗ്യയാക്കണമെങ്കിൽ അതു ചെയ്യേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അദ്ദേഹം ടിക്കാറാം മീണയുടെ നിർദ്ദേശം നിരാകരിച്ച സാഹചര്യത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ നിയമനടപടിയെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കോടിയേരി പറഞ്ഞു.

ദേശീയപാത വികസനത്തിൽ സംസ്ഥാനത്തിനെതിരെ എടുത്ത കേന്ദ്രനിലപാട് തിരുത്തിയ ഉത്തരവിനെ കോടിയേരി സ്വാഗതം ചെയ്തു. ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ കത്താണ് കേരളത്തിന് വിരുദ്ധമായ നിലപാടിലേക്ക് എത്തിച്ചത്. അതിനെതിരെ ബി.ജെ.പിക്കുള്ളിലും പൊതുസമൂഹത്തിലും ശക്തമായ വിമർശനമുയർന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും അതിനെ എതിർത്തു. ഇൗസാഹചര്യത്തിലാണ് മുൻനിലപാട് തിരുത്താൻ കേന്ദ്രമന്ത്രി തയ്യാറായത്.

മഴക്കാലശുചീകരണപ്രവർത്തനത്തിൽ പാർട്ടി പ്രവർത്തകരും ബഹുജനസംഘടനാ പ്രവർത്തകരും സജീവപങ്കാളികളാകണമെന്ന് സെക്രട്ടേറിയറ്റ് യോഗം ആഹ്വാനം ചെയ്തു. 18,19 തീയതികളിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ വാർഡ്തല ശുചീകരണം നടത്തും. ഇതിനായി വാർഡൊന്നിന് 25000 രൂപ ലഭിക്കും. ഇത് ശരിയായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇന്നും നാളെയും സർക്കാർ സംവിധാനത്തിൽ ശുചീകരണയജ്ഞത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കും. അതിനു പുറമെയാണ് പാർട്ടി നേതൃത്വത്തിൽ ശുചീകരണം നടത്തുന്നത്. ഇതേ മാതൃക മറ്റ് പാർട്ടികളും സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.