icffk-

തിരുവനന്തപുരം: മലയാള സിനിമയിൽ വർദ്ധിച്ചുവരുന്ന ആസുരത പുതിയ തലമുറയെ വഴി തെറ്റിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ടാഗോർ തിയേറ്ററിൽ നടന്ന അന്താരാഷ്ട്ര ബാല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രതികാരമെന്ന പേരിൽ മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തുന്നത് കാണിക്കുന്നത് ഒട്ടു നല്ലതല്ല. കുട്ടികൾ ഇതൊക്കെ കാണുന്നത് ഒട്ടും പോസിറ്റീവല്ല. ശരീരംകൊണ്ടും ശബ്ദം കൊണ്ടും സിനിമകളിൽ ആസുരത കാണിക്കുന്നത് വർദ്ദിച്ചുവരികയാണ്. വിവേകമുള്ളവർ സെൻസർ ബോർഡിൽ ഉണ്ടാകണം. അശ്ലീലം കൂടുന്നു. അത് നഗ്നത മാത്രമല്ല. ബൻഡിറ്റ് ക്വീൻ എന്ന സിനിമയിൽ ഒരു സ്ത്രീയെ നഗ്നമായി കാണിക്കുന്നുണ്ടെങ്കിലും അത് അശ്ലീലമായി പ്രേക്ഷകന് തോന്നില്ല. കുഞ്ഞു മനസുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ ദൃശ്യമാദ്ധ്യമങ്ങൾക്ക് കഴിയും. മനുഷ്യമനസിനെ നന്നാക്കിയെടുക്കാനും ഇവയ്ക്ക് കഴിയും. കുഞ്ഞുങ്ങളെ അടിമകളെ പോലെ കാണുകയും അവർക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചുവരുന്നു. ഇതിനെതിരെ സാമൂഹ്യമായ മാറ്റം ഉണ്ടാവണം. നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് ഇതിനെ നേരിടണം മന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളിസുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയർമാൻ എം.മുകേഷ് എം.എൽ.എ ആമുഖപ്രഭാഷണം നടത്തി. മേയർ വി.കെ പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് , ഫിലിം പ്രോഗ്രാമർ മോണിക്കവാഹി, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഒഫ് ഇന്ത്യ സി.ഇ.ഒ പ്രശാന്ത് പത്രേബ്, സംവിധായകൻ ടി.കെ രാജീവ് കുമാർ, നടൻ സുധീർ കരമന, നടി ഐശ്വര്യാ ലക്ഷ്മി, നടൻ നീരജ് മാധവ്, മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച അഭിനി ആദി, കുട്ടികളുടെ പ്രധാനമന്ത്രി ദേവകി ഡി.എസ്, ശിശുക്ഷേമസമിതി ട്രഷറർ ജി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പി.എസ് ഭാരതി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.കെ പശുപതി, ഒ.എം ബാലകൃഷ്ണൻ, ആർ രാജു എന്നിവർ സംസാരിച്ചു.