പ്രോസ്‌റ്റേറ്റ് വീക്കം പുരുഷന്മാർക്ക് ഉണ്ടാകുന്ന സാധാരണമായ അസുഖമാണ്. 40നും 50നും ഇടയ്ക്ക് പ്രായമുള്ള 25 ശതമാനം പേർക്കും 70നും 80നും ഇടയ്ക്ക് പ്രായമുള്ള 80 ശതമാനം പേർക്കും ഈ അസുഖം കാണുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കോശങ്ങൾ നശിക്കുന്നത് വിഭജനത്തേക്കാൾ കുറവാകുന്നതും വൃഷണങ്ങൾ ഉത്‌പാദിപ്പിക്കുന്ന ടെസ്റ്റോസ്റ്റീറോൺ ഹോർമോണും ആണ് പ്രോസ്റ്റേറ്റ് വീക്കത്തിന്റെ കാരണങ്ങൾ.
പ്രോസ്‌റ്റേറ്റ് വീക്കം മൂലം ഉണ്ടാകുന്ന മൂത്രരോഗലക്ഷണങ്ങളെ 'പ്രോസ്റ്റോറ്റിസം" എന്നാണ് പറയുന്നത്. മൂത്രതടസ ലക്ഷണങ്ങൾ മൂത്രപ്രവാഹത്തിന്റെ വേഗത കുറയുക, മൂത്രം മുറിഞ്ഞ് പോവുക, മൊത്തം ഒഴിഞ്ഞുപോകാതെ വരിക, കെട്ടിനിൽക്കുക, ഒട്ടും പോകാതെ വരിക മുതലായവയാണ്. മൂത്രം ഒഴിക്കുന്നത് കൂടുതൽ തവണയാകുക, രാത്രിയിൽ കൂടുതൽ തവണ പോവുക, പെട്ടെന്ന് മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക മുതലായ ലക്ഷണങ്ങളും ഉണ്ടാകുന്നു.
വിശദമായ രോഗചരിത്രം ചോദിച്ചു മനസിലാക്കുക, രോഗിയുടെ പരിശോധന മുതലായ വഴിയാണ് രോഗനിർണയം. മലദ്വാരത്തിൽ കൂടെയുള്ള പരിശോധനയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം ഉള്ളതായി കാണാം. രക്തത്തിന്റെ പരിശോധന, അൾട്രാസൗണ്ട് സ്കാൻ, യൂറോ ഫ്ളോമെറ്റ്‌റി മുതലായവയും രോഗനിർണയ ഉപാധികളാണ്.അസഹനീയമായ മൂത്രതടസ ലക്ഷണങ്ങൾ, മൂത്രത്തിൽ കൂടി രക്തം, പഴുപ്പ് മുതലായവ പോവുക, മൂത്രം കെട്ടിനിൽക്കുക, മൂത്രം ഒട്ടും പോകാതെ വരിക, വൃക്കകൾക്ക് വീക്കം, വൃക്കപരാജയം മുതലായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സർജിക്കൽ ചികിത്സ വേണ്ടിവരും
വളരെ വലിപ്പമുള്ള പ്രോസ്റ്റേറ്റ് വീക്കം ഹോൾമിയം, തൂളിയം ലേസറുകൾ ഉപയോഗിച്ച് നീക്കം ചെയ്യാം. ലാപ്രോസ്കോപി വഴി വളരെ വലിപ്പമുള്ള ഗ്രന്ഥികൾ നീക്കം ചെയ്യാൻ സാധിക്കും..
ഡോ. എൻ. ഗോപകുമാർ