health

ഫാബേസിയേസസ്യകുടുംബത്തിൽപ്പെട്ട ക്ളിറ്റോറിയേ ടെർനേറ്റ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഔഷധ സസ്യമാണ് ശംഖുപുഷ്പം. അതിപുരാതനമായ ദ്രാവിഡ ചികിത്സാ സംഹിതയായ സിദ്ധചികിത്സയിലും സംഘകാല കൃതികളിൽ കരുവിലം മലർ എന്ന പേരിലും അറിയപ്പെട്ടിരുന്ന പയറുവർഗത്തിൽപ്പെട്ട വള്ളിചെടിയായി വളരുന്ന ശംഖുപുഷ്പത്തിന്റെ ഇലയും, പൂവും, തണ്ടും, വേരും ഔഷധയോഗ്യമാണ്. ധാരാളം ആന്റി ഓക്സിഡന്റുകളും തലച്ചോറിന്റെ വികസനത്തിനുള്ള പോഷകങ്ങളും അടങ്ങിയിരിക്കുന്നു.നീലപ്പൂവും, വെള്ളപ്പൂവും ഉള്ള ഇനങ്ങളുണ്ട്. നീലപൂവുള്ള ചെടിയാണ് പുരാതനകാലം മുതൽക്ക് തന്നെ ഔഷധ നിർമ്മാണത്തിന് എടുക്കുന്നത്. ശംഖുപുഷ്പം അടങ്ങിയ സിദ്ധഹോമിയോ, ആയുർവേദം, യുനാനി ഔഷധങ്ങൾ പ്രചാരത്തിലുണ്ട്.

ഉത്കണ്ഠ കൊണ്ടുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിനും, കോപാകുലത കുറയ്ക്കുന്നതിനും, ഉറക്ക തകരാറിനും, ക്ഷീണത്തിനും, ഓർമ്മക്കുറവും വിഷാദവും ഇല്ലാതാക്കുന്നതിനും അതിപുരാതന കാലം മുതൽക്ക് തന്നെ ശംഖുപുഷ്പം ഉപയോഗിച്ചിരുന്നു. കൂടാതെ ഗർഭാശയ രോഗങ്ങൾക്കും, പാമ്പ് വിഷ ചികിത്സയ്ക്കും രക്തശുദ്ധീകരണത്തിനും വിശേഷപ്പെട്ട ഔഷധസസ്യമാണിത്. ശംഖുപുഷ്പം തിളപ്പിച്ച് ഉണ്ടാക്കുന്ന നീല പാനീയം ഉന്മേഷത്തിനായി ഉപയോഗിച്ചുവരുന്നു.

കെ. കെ. അജയലാൽ നാടാർ