ആനക്കാര്യത്തിനിടയ്ക്ക് ചേനക്കാര്യം പരമപ്രധാനമാണെന്ന് ലക്ഷണമൊത്ത ആനപ്രേമികൾക്ക് നല്ലപോലെ അറിയാവുന്ന തത്വമാണ്. ആ തത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന പ്രമാണിയായതു കൊണ്ടു മാത്രമാണ് ഷിറ്റണ്ണൻ സുരേഷ് ഗോപിജി ഈ തൃശ്ശൂർ എനിക്ക് വിട്ടുതരൂ എന്ന് ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് കേണപേക്ഷിച്ചത്. 'എനിക്ക് വിട്ടുതരൂ, വിട്ടുതരൂ ' എന്നുള്ള ആ വിലാപം കേട്ട മാത്രയിൽ തെച്ചിക്കോട്ടുകാവിലെ രാമചന്ദ്രൻ ആന ചിന്നം വിളിക്കുകയുണ്ടായി. ആ ചിന്നം വിളിയോടെ ഉലകം മാറിമറിഞ്ഞെന്നാണ് കേൾവി.
രാമചന്ദ്രൻ ഒന്ന് ചിന്നം വിളിച്ചാൽ ആനപ്രേമികൾക്ക് അത് രണ്ടുതരമാണെന്ന വിശ്വാസമൊന്നും ബാധകമായ ആളല്ല തൃശൂർ കളക്ടർ അനുപമ. അതുകൊണ്ട് മാത്രം കളക്ടർക്ക് ചില പിഴവുകൾ സംഭവിക്കുകയുണ്ടായി. ഇതേത്തുടർന്ന്, രാമചന്ദ്രനെ തളയ്ക്കുന്നതിലും കഠിനമാണ് ആനപ്രേമികളെ മെരുക്കൽ എന്നിപ്പോൾ കളക്ടർ വിലപിക്കുകയാണ്.
1964ൽ ബിഹാറിലെ ആനച്ചന്തയിൽ നിന്ന് വരുമ്പോൾ പാവം മോട്ടി പ്രസാദ് ആയിരുന്ന രാമചന്ദ്രൻ, തെച്ചിക്കോട്ടുകാവിലെത്തിയേപ്പിന്നെ ഗജപോക്കിരിയായെന്നാണ് പറയുന്നത്. പതിമൂന്ന് പേരെ കുത്തിമലർത്തിയ ഗജപോക്കിരിക്ക് രണ്ട് കണ്ണും കാണാൻ പറ്റില്ലെന്ന് കളക്ടർക്ക് ബോദ്ധ്യപ്പെട്ടതാണ്. സാഹചര്യം അവനെ പോക്കിരിയാക്കിയതാണെന്ന് കളക്ടർക്കറിയാം. എന്നുവച്ച് ആനപ്രേമികൾക്ക് അതറിയണമെന്നില്ലല്ലോ. പൂരത്തിന് രാമചന്ദ്രനില്ലെങ്കിൽ പിന്നെയെന്തിന് ഈ തൃശൂർ പട്ടണം എന്നവർ ചോദിക്കുന്നത് അതുകൊണ്ടാണ്. ലക്ഷണമൊത്ത ആനപ്രേമിയായാൽ കണ്ണ് കാണരുത് എന്നുമുണ്ട് തൃശൂരിൽ പ്രമാണം. പൂരത്തിമിരം എന്നോ അഹന്തയുടെ തിമിരമെന്നോ ഒന്നും അതിനെ പേരിട്ട് വിളിക്കരുത്. കാഴ്ചയില്ലാത്ത ആനയെ ഇറക്കി പൂരം കൊഴുപ്പിക്കാനൊരുമ്പെടുന്നവരുടേത് ശരിയായ ആനപ്രേമിലക്ഷണമാണെന്നതിൽ തർക്കമില്ല. അതുകൊണ്ടാണ് കളക്ടർ അനുപമയ്ക്ക് പിഴവ് പറ്റിപ്പോയെന്ന് പറയുന്നത്. അതിനാൽ, ആനപ്രേമിയെ തളയ്ക്കുന്നതിലും എളുപ്പമാണ് ഒരാനയെ തളയ്ക്കുന്നത് എന്ന് കളക്ടർ മനസിലാക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നന്നാകും എന്നാണ് പറയാനുള്ളത്.
'അ എന്ന് പറയുമ്പോൾ അയ്യനെന്ന് വിളിക്കേണം, ആ എന്ന് പറഞ്ഞാലോ ആനയെന്ന് ചൊല്ലേണം' എന്നാണ് കേസുരേന്ദ്രൻജി അവതരിപ്പിക്കുന്ന പുതിയ പാഠക്കൈ. സുവർണാവസരം പിള്ളച്ചേട്ടനെക്കാൾ ഒരു മുഴം മുന്നേ എറിയുന്ന ആളാണ് കേസുരേന്ദ്രൻജി എന്ന് തിരിച്ചറിയാവുന്ന ആരും അതിൽ അദ്ഭുതപ്പെടാനിടയില്ല. ശബരിമലയിൽ പിള്ളച്ചേട്ടൻ സുവർണാവസരം കണ്ടെത്തുന്നതിന് മുമ്പേ കേസുരേന്ദ്രൻജി കെട്ടുംകെട്ടി 'പൊലീസേ, എന്നെ അറസ്റ്റ് ചെയ്യൂ' എന്ന് സന്നിധാനത്ത് ചെന്ന് വാശിപിടിച്ച ആളാണ്. കേസുരേന്ദ്രൻജി സ്വാതന്ത്ര്യസമര സേനാനിയായത് അങ്ങനെയായിരുന്നു !
തൃശൂർപൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കുന്നത്, ശബരിമലയുടെ തുടർച്ചയാണെന്ന് കേസുരേന്ദ്രൻജി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി അടുത്ത പാഠക്കൈ ഏതെന്ന് മാത്രം നിശ്ചയിച്ചാൽ മതിയെന്ന് സുവർണാവസരം പിള്ളച്ചേട്ടൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്റ്സ് വൃത്തങ്ങളുടെ റിപ്പോർട്ട്. 'അ'യും 'ആ"യും കഴിഞ്ഞ് വരുന്ന 'ഇ"യെ വച്ച്, ഇ എന്ന് പറഞ്ഞാൽ എന്താകണം എന്ന് തല പുകയ്ക്കുന്ന തിരക്കിലാണത്രെ സാക്ഷാൽ അമിത് ഷാജി. ശബരിമലയിൽ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് പിണറായിയെ എതിർക്കാൻ വേണ്ടി മാത്രമായിരുന്നുവെന്ന് റെഡി ടു വെയ്റ്റിന്റെ കുലസ്ത്രീരത്നം പദ്മപിള്ള തുറന്ന് പറഞ്ഞ സ്ഥിതിക്ക് അ മുതൽ അം, അഃ വരെയുള്ള സുവർണാവസരങ്ങളെപ്പറ്റി നാം ഗൗരവബുദ്ധ്യാ ആലോചിക്കേണ്ടിയിരിക്കുന്നു.
ധനനഷ്ടം, മാനഹാനി, ദുര്യോഗം, പട്ടിണി മുതലായവ ജാതകവശാൽ അനുഭവിച്ചേ തീരൂ എന്ന് രാജ്മോഹനുണ്ണിത്താൻ ഗാന്ധിക്ക് അറിയാമായിരുന്നു. അതെങ്ങനെയെങ്കിലും ഒന്നനുഭവിച്ച് തീർക്കാനൊരു വഴി തേടിയലയുമ്പോഴാണ് മുല്ലപ്പള്ളിഗാന്ധി ആ വഴി തുറന്നിട്ട് കൊടുത്തത്. കാസർകോട്ട് പോയി മത്സരിച്ചിട്ടു വരൂ, വത്സാ, നിന്റെ ജാതകദോഷം തീരും എന്നാണത്രെ മുല്ലപ്പള്ളിഗാന്ധി അനുഗ്രഹിച്ചുവിട്ടത്. അതനുസരിച്ചാണ് ചാനലായ ചാനലുകളെയെല്ലാം ഉപേക്ഷിച്ച് കാസർകോട്ടേക്ക് ദുരിതപർവം താണ്ടാനായി ഉണ്ണിത്താൻഗാന്ധി ഇറങ്ങിത്തിരിച്ചത്. പാണ്ഡവരുടെ വനവാസം പോലെയായി സംഗതി. പ്രതീക്ഷിച്ചതിലും ദുർഘടമേറിയതായിരുന്നു ആ പാതയെന്നാണിപ്പോൾ ഉണ്ണിത്താൻഗാന്ധി പറയുന്നത്. കഠിനം, കഠോരം!
കാസർകോട്ട് കാല് കുത്തിയപാടേ പട്ടിണി കിടത്തിയായിരുന്നു ഡി.സി.സിഗാന്ധിമാരുടെ സ്വീകരണം. അത് നാലാളെ വിളിച്ചറിയിച്ചതും ഉണ്ണിത്താൻഗാന്ധിയായിരുന്നു. ഏറ്റവുമൊടുവിലിപ്പോൾ ധനനഷ്ടത്തിന്റെ വിലാപമാണ് മുഴങ്ങിക്കേൾക്കുന്നത്. എട്ടുലക്ഷവുമായി മുങ്ങിയത് സ്വന്തം മന:സാക്ഷിയായ വ്യാജഗാന്ധി തന്നെയാണെന്നാണ് ഉണ്ണിത്താൻഗാന്ധിയുടെ പരാതിയിൽ പറയുന്നത്. അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ ഒക്കൂ. അതുകൊണ്ട് അനുഭവിക്കുക തന്നെ!
ഇ-മെയിൽ: dronar.keralakaumudi@gmail.com