സന്ദർഭം വർക്കലയിൽ നടന്നുകൊണ്ടിരിക്കുന്ന നാരായണ ഗുരുകുല കൺവെൻഷൻ. അതിൽ പങ്കെടുക്കാനും സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുമായെത്തിയ ഒരു റിട്ടയേർഡ് പ്രൊഫസർ ഒരിടവേളയിൽ എന്നോടു പറയുന്നു,
''നാളെ ഞാനെന്റെ കൊച്ചുമോളേക്കൂടി കൊണ്ടുവരും. സ്വാമിയുടെ അനുഗ്രഹം വാങ്ങിക്കാൻ."
''കൊച്ചുമകളെ ഇവിടെ കൊണ്ടുവരേണ്ടത് അനുഗ്രഹം വാങ്ങാൻ വേണ്ടിയല്ല ഇവിടെ പഠിപ്പിക്കുന്നത് അവരവരുടെ ജീവിതത്തെയും അതിന്റെ അർത്ഥത്തെയും സംബന്ധിച്ചാണ്. അതൊന്നും അവരുടെ സ്കൂളുകളിൽ പഠിപ്പിക്കില്ല. അതു പഠിക്കേണ്ടത് ജീവിച്ചുകഴിഞ്ഞ നിങ്ങളെപ്പോലെയുള്ളവരല്ല, ഇനി ജീവിക്കാനുള്ള ഇളംതലമുറക്കാരാണ്. പക്ഷേ അങ്ങനെയുള്ളവരെ വളരെ കുറച്ചു മാത്രമേ ഇവിടെ കാണുന്നുള്ളൂ. അവരെ ഇവിടെ കൊണ്ടുവന്ന് ഇതിലൊക്കെ പങ്കെടുപ്പിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്."
ഇതുകേട്ട മറ്റൊരു അപ്പൂപ്പൻ പറയുന്നു,
''എന്തു ചെയ്യാൻ സ്വാമീ ? ഞങ്ങൾ കൊണ്ടുവരാൻ നോക്കിയാലും അവരുടെ അച്ഛനമ്മമാർ വരാൻ സമ്മതിക്കില്ല."
''അതെന്തുകൊണ്ടാ?"
''ഇവിടെയൊക്കെ വന്ന് സമയം നഷ്ടപ്പെടുത്തിയാൽ കുട്ടികൾ ക്ളാസിൽ വാങ്ങുന്ന റാങ്ക് കുറഞ്ഞു പോകും എന്നാണ് അവരുടെ പേടി."
''ജീവിതത്തിൽ റാങ്ക് വാങ്ങിയില്ലെങ്കിലും ക്ളാസിൽ റാങ്ക് വാങ്ങിയാൽ മതിയെന്നാണവരുടെ വിചാരം. ജീവിതത്തിൽ തോൽക്കുന്നവർ ക്ളാസിലെ പരീക്ഷയിൽ റാങ്ക് വാങ്ങിയതുകൊണ്ട് എന്തു കാര്യം?"
''പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയില്ലെങ്കിൽ ഭാവിയിൽ നല്ല ജോലി കിട്ടാനുള്ള സാദ്ധ്യത കുറയുമെന്നാണ് അവരുടെ പേടി."
''കുട്ടികളുടെ ഭാവിജീവിതം നല്ല മനുഷ്യരെന്ന നിലയിലായിരിക്കണം എന്നതിനെക്കാൾ മാതാപിതാക്കൾക്കു പ്രധാനം മക്കൾക്ക് ഭാവിയിൽ കിട്ടാനിടയുള്ള നല്ല ജോലിയും വലിയ ശമ്പളവുമാണെന്നു വന്നിരിക്കുന്നു. പ്രായപൂർത്തിയായ മക്കളുടെ ദുർനടപ്പിലും ധൂർത്തടിക്കുന്ന ജീവിതത്തിലും പരിതപിക്കുന്ന മാതാപിതാക്കൾ ഇന്ന് വളരെയുണ്ട്. കുട്ടിക്കാലത്ത് ജീവിതത്തെപ്പറ്റിയുള്ള അറിവ് അവർക്ക് ലഭിക്കാനിടയായില്ല എന്നതാണതിനു കാരണം. ഈ നിരാശ ഭാവിയിൽ അനുഭവിക്കാതിരിക്കുന്നതിനു വേണ്ടത്, കുട്ടികൾക്ക് കുട്ടിക്കാലം മുതൽ തന്നെ അതിനു അവസരം നൽകുകയാണ്. അതിനുള്ള ഉത്തരവാദിത്വം അവരുടെ മാതാപിതാക്കൾക്കുണ്ട്.
''ചെറുപ്പക്കാരായ മാതാപിതാക്കന്മാരെ ഇക്കാര്യം ഓർമ്മിപ്പിക്കേണ്ട ഉത്തരവാദിത്വം അപ്പൂപ്പന്മാർക്കുള്ളതാണ്. അതോ നിങ്ങളെപ്പോലെയുള്ള അപ്പൂപ്പന്മാരും ജീവിതത്തെ വിട്ടിട്ട് പണത്തെ മാനിക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ കൊച്ചുമക്കൾക്ക് 'ഹാ കഷ്ടം!" എന്നേ പറയാനുള്ളൂ."