തിരുവനന്തപുരം: ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലയിൽ നടത്തിയ നാലുകോടിയിലേറെ രൂപയുടെ കഞ്ചാവ് വേട്ടയ്ക്ക് ശേഷം സിറ്റി ഷാഡോ പൊലീസ് മടങ്ങിയെത്തിയത് തോക്കിൻ മുനയിലൂടെ. കഞ്ചാവ് കച്ചവടക്കാരെന്ന വ്യാജേന നക്സൽ മേഖലയിലെ കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരനെ വലയിലാക്കിയ പൊലീസ് മവോയിസ്റ്റുകളുടെ വെടിയുണ്ടകൾക്ക് മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഞ്ചാവുമായി വന്ന കാറിന് പൈലറ്റായി ബൈക്കിലെത്തിയ യുവാക്കളാണ് ഓപ്പറേഷനൊടുവിൽ തോക്കുമായി പൊലീസിനെ വിരട്ടാൻ ഒരുമ്പെട്ടത്. മനോധൈര്യം കൈവിടാതെ തന്ത്രപരമായി അവരെ നേരിട്ട ആറംഗ ഷാഡോ പൊലീസ് സംഘം ജീവൻ പണയം വച്ച് മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് സുരക്ഷിതരായി കഴിഞ്ഞദിവസം നാട്ടിലെത്തിയത്.
പൂന്തുറ പൊലീസ് മാസങ്ങൾക്കുമുമ്പ് പിടികൂടിയ കഞ്ചാവിനെപ്പറ്റിയുള്ള അന്വേഷണത്തിനിടെയാണ് ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്ത് ദാക്ഷായണിയെന്ന സ്ഥലത്തെ കഞ്ചാവ് കച്ചവട സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. സംഘത്തലവനായ പ്രസാദിനെ പണവുമായി സമീപിച്ചാൽ ആവശ്യമുള്ള കഞ്ചാവ് ലഭിക്കുമെന്നറിഞ്ഞ പൊലീസ് പരീക്ഷണത്തിന് തയ്യാറായി. പൂന്തുറ എസ്.എച്ച്.ഒ സാബു വിവരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. ഷാഡോ പൊലീസിന്റെ സഹായത്തോടെ ഓപ്പറേഷന് പദ്ധതി തയ്യാറായി. കഞ്ചാവ് മാഫിയയ്ക്ക് സംശയം തോന്നാത്ത വിധം കച്ചവടക്കാരെന്ന വ്യാജേന അവരുടെ മടയിലേക്ക് പോകാനായി പ്ളാൻ. രണ്ട് വാഹനങ്ങളും അഞ്ച് ലക്ഷത്തോളം രൂപയുടെ 'ഷോമണി'യും ( കഞ്ചാവ് വാങ്ങാനെന്ന വ്യാജേന കൊണ്ടുപോയ പണം)റെഡി. തമിഴ്നാട് വഴി ആന്ധ്രയിലേക്ക് തിരിച്ച പൊലീസ് സംഘം രണ്ടാം ദിവസം സ്ഥലത്തെത്തി.ദാക്ഷായണിയിലെ റൂമിലെത്തി. പ്രസാദിനെ നേരിൽകണ്ടു. തമിഴ് നന്നായി സംസാരിക്കുന്ന സംഘത്തോട് അറിയാവുന്ന തമിഴിൽ കാര്യം അവതരിപ്പിച്ചു. പണമുൾപ്പെടെ കണ്ട് ബോദ്ധ്യപ്പെട്ടതിനാലും സംശയമൊന്നും തോന്നാത്ത സംഘം ഡീൽ ഉറപ്പിച്ചു. സംഘത്തിലെ ഒരാളെ ഗ്യാരന്റിക്കായി പൊലീസ് സംഘത്തിനൊപ്പം നിർത്തി സ്പെയർ കാറുമായി കഞ്ചാവ് ലോബി അവിടെ നിന്ന് 113 കിലോ മീറ്റർ അകലെയുള്ള കുന്നിൻ മുകളിലേക്ക് പോയി.
പൊലീസിന്റെ പിടിയിൽപ്പെടാതെ സുരക്ഷിതമായി മടങ്ങാൻ കഴിയും വിധം കഞ്ചാവും വാഹനവും ബൈപ്പാസിലെത്തിക്കണമെന്നായിരുന്നു കഞ്ചാവ് ലോബിയുമായുള്ള ധാരണ. ഇതനുസരിച്ച് നാല് മണിക്കൂർ പിന്നിടും മുമ്പ് കഞ്ചാവ് നിറച്ച് വാഹനം തിരിച്ചെത്തി. വാഹനത്തിന് പൈലറ്റായി ഒരു ബൈക്കിൽ രണ്ടുപേരുണ്ടായിരുന്നു. അവർ നൽകുന്ന സൂചനകളനുസരിച്ച് ചെക്കിംഗൊന്നും ഇല്ലെന്ന് ഉറപ്പാക്കിയാണ് കഞ്ചാവെത്തിക്കുക. കഞ്ചാവ് നിറച്ച് വാഹനവുമായി എത്തിയ വിശാഖപട്ടണം കെ.ഡി.പേട്ട സ്വദേശി ശ്രീനുവെന്ന ശ്രീനിവാസിനെ (21) പൊലീസ് വലയിലാക്കി. ഈസമയത്താണ് കൈവശം കരുതിയിരുന്ന തോക്കുമായി ബൈക്കിലെത്തിയ സംഘം പൊലീസിനെ നേരിടാനൊരുങ്ങിയത്. എന്നാൽ മനസാന്നിദ്ധ്യം കൈവിടാതെ പൊലീസ് ശക്തമായി പ്രതിരോധിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച രണ്ടംഗ സംഘം രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം കിലോ മീറ്ററുകൾ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ ശ്രീനിവാസനെ കഞ്ചാവ് സഹിതമെത്തിച്ച പൊലീസ് സംഘം പിന്നീട് മണിക്കൂറുകൾക്കകം തമിഴ്നാട് വഴി തലസ്ഥാനത്തെത്തിച്ചേരുകയായിരുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവുമായെത്തുന്നവരെ പിടികൂടുന്നത് പതിവാണെങ്കിലും ഉറവിടത്തിലെത്തി തൊണ്ടി സഹിതം പ്രതികളെ പിടികൂടിയ സന്ദർഭങ്ങൾ അത്യപൂർവ്വമാണ്. ഡെപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യ, അസി. കമ്മിഷണർമാരായ പ്രമോദ് കുമാർ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ എസ്.ഐ സുനിലാൽ, ഷാഡോ എ.എസ്.ഐ ഗോപകുമാർ, അരുൺകുമാർ , യശോധരൻ എന്നിവരുൾപ്പെട്ട സംഘമാണ് ശ്രീനിവാസനെ പിടികൂടിയത്.